ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിസഭയിലെത്തിയ പ്രമുഖരെ ബിജെപി അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും. 10 കേന്ദ്രമന്ത്രിമാരും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഉൾപ്പെടെ മത്സരിക്കുമെന്നാണു സൂചന. മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി ഏതാനും മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ മന്ത്രിമാർക്കു നിർദേശമുണ്ടായിരുന്നു. ഇതിൽ വിജയസാധ്യത ഏറിയ 3 മണ്ഡലങ്ങൾ അറിയിക്കാൻ കേന്ദ്രനേതൃത്വം ഇവരോട് ആവശ്യപ്പെട്ടു. ധനമന്ത്രി നിർമല സീതാരാമൻ സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിൽ മത്സരിച്ചേക്കും. മധുര മണ്ഡലത്തിനാണു മുൻഗണന. 

തമിഴ്നാട്ടുകാരനായ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ ഡൽഹിയിൽ പരിഗണിച്ചേക്കും. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ ചാന്ദ്നി ചൗക്ക് (ഡൽഹി), പുണെ (മഹാരാഷ്ട്ര) മണ്ഡലങ്ങളിലാണു പരിഗണിക്കുന്നത്. 

വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർക്കു യഥാക്രമം രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സീറ്റ് ലഭിച്ചേക്കും. അമൃത്സർ പോലെ സിഖ് സ്വാധീന മണ്ഡലങ്ങളിലൊന്നിലോ ഡൽഹിയിലോ ഹർദീപ് സിങ് പുരി മത്സരിക്കും. അമൃത്സറിൽ 2019ൽ പുരി മത്സരിച്ചെങ്കിലും തോറ്റു. 

മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പുരുഷോത്തം രൂപാല എന്നിവരാണു രാജ്യസഭ വിട്ട് ലോക്സഭാ മത്സരത്തിനിറങ്ങാൻ സാധ്യതയുള്ള മറ്റു മന്ത്രിമാർ. ഉപതെരഞ്ഞെടുപ്പിലൂടെ ബിജെപിക്കു നഷ്ടമായ ഹിമാചലിലെ മണ്ഡിയിലാണു പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ പേരു കേൾക്കുന്നത്. ഇവർക്കു പുറമേ ബിജെപിയുടെ പ്രമുഖ രാജ്യസഭാംഗങ്ങളായ ഡോ.കെ. ലക്ഷ്മൺ, സുശീൽ കുമാർ മോദി എന്നിവരും ജനവിധി തേടുമെന്നാണു വിവരം. 

മുരളീധരൻ‌ ആറ്റിങ്ങലിൽ, അബ്ദുല്ലക്കുട്ടി ലക്ഷദ്വീപിൽ ?

ന്യൂഡൽഹി ∙ കേരളത്തിൽനിന്നു ബിജെപി കേന്ദ്രനേതൃനിരയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ, പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി എന്നിവരും ലോക്സഭയിലേക്കു മത്സരിച്ചേക്കും. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്റെ പേര് ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ഉയരുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയിലെ ഉന്നതനേതാക്കളിൽ ഒരാൾ എത്തുമെന്ന അഭ്യൂഹവും ഉണ്ട്. അബ്ദുല്ലക്കുട്ടി ലക്ഷദീപ് മണ്ഡലത്തിൽ മത്സരിച്ചേക്കും. 2019ൽ എൻസിപി സ്ഥാനാർഥി വിജയിച്ച ഇവിടെ ബിജെപിക്ക് 125 വോട്ട് മാത്രമാണു ലഭിച്ചത്. 2019ൽ എറണാകുളത്തു സ്ഥാനാർഥിയായിരുന്ന അൽഫോൻസ് കണ്ണന്താനത്തിന് ഇത്തവണ സാധ്യത മങ്ങി.

English Summary: BJP to field central ministers in loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com