ADVERTISEMENT

ന്യൂഡൽഹി∙ സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കെന്ന വ്യാജേന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആധാർ, പാൻ എന്നിവ ദുരുപയോഗിച്ച് വ്യാജ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുകയും അതുവഴി നികുതിവെട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി കേന്ദ്ര പരോക്ഷ നികുതി ബോർഡ് (സിബിഐസി) സ്ഥിരീകരിച്ചു. ഇത് ഗുരുതരമായ പ്രശ്നമാണെന്നും സർക്കാരിനു വരുമാനനഷ്ടം സംഭവിക്കുന്നതായും ബോർഡ് വ്യക്തമാക്കി.

വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ തടയാനായി സിബിഐസി ഇന്നലെ പുതിയ മാർഗരേഖ പുറത്തിറക്കി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് 16,000ലധികം വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ എടുക്കുകയും ഇതുവഴി ഏകദേശം 30,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായും റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണിത്.

ഇത്തരം വ്യാജ റജിസ്ട്രേഷനുകളുള്ള സ്ഥാപനങ്ങൾ സേവനമോ ഉൽപന്നമോ കൈമാറാതെ വ്യാജ കണക്ക് കാണിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സ്വന്തമാക്കുന്നതാണ് തട്ടിപ്പ്.

പ്രധാന കണ്ടെത്തലുകൾ

∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചെറിയ തുക നൽകി, അവരുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ മാറ്റി തട്ടിപ്പുകാർ ആധാർ സ്വന്തമാക്കുന്നു. തട്ടിപ്പുകാരുടെ ഡമ്മി നമ്പരുകളിലേക്ക് ആധാർ ബന്ധിപ്പിക്കുന്നതോടെ ഇവർക്കത് റജിസ്ട്രേഷനും മറ്റും യഥേഷ്ടം ഉപയോഗിക്കാം.

∙ ചിലരുടെ പാൻ, ആധാർ എന്നിവ അവരുടെ അറിവോടെയല്ലാതെ തട്ടിപ്പുകാർ സ്വന്തമാക്കി ജിഎസ്ടി റജിസ്ട്രേഷൻ എടുത്തു.

∙ വ്യാജ വൈദ്യുതി ബില്ലുകൾ, വസ്തുനികുതി രസീതുകൾ, വാടകക്കരാർ എന്നിവയുപയോഗിച്ച് ബിസിനസ് നടത്തുന്നതായി കാണിച്ച് റജിസ്ട്രേഷനുകളെടുത്തു.

∙ ഒരു ഫോട്ടോ ഉപയോഗിച്ച് പല പേരുകളിൽ പല ആധാർ കാർഡ് എടുത്ത് തട്ടിപ്പിന് ഉപയോഗിക്കുന്നു.

മാർഗരേഖയിൽ നിന്ന്

∙ റജിസ്ട്രേഷനായി നൽകുന്ന വൈദ്യുതി ബിൽ, നികുതി രസീത് അടക്കമുള്ള രേഖകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഒത്തുനോക്കി ഉദ്യോഗസ്ഥർ ആധികാരികതയുറപ്പിക്കണം.

∙ റജിസ്ട്രേഷൻ സമയത്ത് ആധാർ ഒതന്റിക്കേഷൻ പരാജയപ്പെട്ടാൽ ബന്ധപ്പെട്ട ഓഫിസർ അടിയന്തരമായി നേരിട്ട്  പരിശോധന നടത്തണം.

∙പാൻ നമ്പർ ഉപയോഗിച്ച് മുൻപ് റജിസ്ട്രേഷൻ സ്വന്തമാക്കിയിട്ടുണ്ടോ, അത് റദ്ദാക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം.

∙ സ്ഥാപനത്തിന്റെ വിലാസം തെളിയിക്കുന്ന രേഖയിൽ സംശയം തോന്നിയാൽ നേരിട്ടുപരിശോധിക്കണം. 

English Summary : Exploitation by misusing Aadhaar and PAN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com