ADVERTISEMENT

യുഎസ് പ്രഥമവനിത ജിൽ ബൈഡന് ആഡംബരത്തിന്റെ ഹരിത, സുസ്ഥിര പാരിതോഷികവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗരോർജം ഉൾപ്പെടെ സുസ്ഥിര ഊർജസ്രോതസ്സുകൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലൂടെ ലബോറട്ടറിയിൽ നിർമിച്ച വെട്ടിത്തിളങ്ങും വജ്രമാണ് ജില്ലിനു മോദി സമ്മാനിച്ചത്. കശ്മീരിൽനിന്നുള്ള വിദഗ്ധ കലാകാരന്മാർ ശ്രദ്ധയോടെ മെനഞ്ഞെടുത്ത അലങ്കാരപ്പണികളുള്ള കൊച്ചുപെട്ടിയിലാക്കിയാണ് ഏഴര കാരറ്റിന്റെ വജ്രം സമ്മാനിച്ചത്. 

ഭൂമിയി‍ൽനിന്നു ഖനനം ചെയ്തെടുക്കുന്ന വജ്രത്തെ തോൽപിക്കുന്ന മികവാണ് ആകൃതിയിലും നിറത്തിലും കാരറ്റിലും വ്യക്തതയിലുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൈസൂരിൽനിന്നുള്ള ചന്ദനത്തടിയിൽ തീർത്ത മനോഹരമായ പെട്ടിയാണ് പ്രസിഡന്റ് ജോ ബൈഡനു സമ്മാനമായി നൽകിയത്. ജയ്പുർ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ കൊത്തുപണികളുള്ള പെട്ടിക്കകത്ത് വെള്ളിയിൽ പണിത ഗണപതിവിഗ്രഹം. കൊൽക്കത്തയിലെ പ്രശസ്തരായ വെള്ളിയാഭരണ നിർമാതാക്കളാണ് ഈ വിഗ്രഹം തയാറാക്കിയത്. ഇവർ തന്നെ വെള്ളിയിൽ പണിത ചെരാതും പെട്ടിയിലുണ്ട്. 

ഈ വർഷം നവംബറിൽ 81 വയസ്സ് തികയുന്ന ബൈഡനു മുൻകൂർ ജന്മദിന സമ്മാനം കൂടിയാണ് ചന്ദനപ്പെട്ടി. ഭാരതീയ പാരമ്പര്യമനുസരിച്ച്, ‘സഹസ്ര പൂർണ ചന്ദ്രോദയ’ ആഘോഷ വേളയിൽ (1000 പൂർണ ചന്ദ്രന്മാരെ കാണുന്നത്) സമ്മാനിക്കുന്ന 10 ദാനങ്ങളുടെ പ്രതീകാത്മക രൂപങ്ങളും പെട്ടിയിലുണ്ടെന്ന് മന്ത്രാലയ വക്താക്കൾ പറഞ്ഞു. 

വൈറ്റ്ഹൗസിൽ സ്വകാര്യ അത്താഴവിരുന്നിനിടെയാണ് പാരിതോഷികങ്ങൾ കൈമാറിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും മോദിക്കു സമ്മാനിച്ചത് ചരിത്രകൗതുകമുള്ള പുസ്തക കരടാണ്. ചരിത്രവസ്തുവായ പഴയ ക്യാമറ, ജോർജ് ഈസ്റ്റ്മാൻ ആദ്യത്തെ കൊഡാക് ക്യാമറയ്ക്കു നേടിയെടുത്ത പേറ്റന്റിന്റെ പകർപ്പ്, അമേരിക്കൻ വന്യജീവി ഫൊട്ടോഗ്രഫിയെക്കുറിച്ചുള്ള പുസ്തകം, യുഎസ് കവി റോബർട്ട് ഫ്രോസ്റ്റിന്റെ കവിതാസമാഹാരം ഒപ്പിട്ട ഒന്നാം പതിപ്പ് എന്നിവയാണു മറ്റു സമ്മാനങ്ങൾ. 

നിർമിതവജ്രം

ലാബുകളിലുണ്ടാക്കുന്ന വജ്രം, ലാബ് ഗ്രോൺ ഡയമണ്ട് എന്നറിയപ്പെടുന്നു. 1953 ൽ ആണ് ആദ്യമായി നിർമിതവജ്രം ഉണ്ടാക്കിയത്. വിവിധ മാർഗങ്ങളിലൂടെ  ഇന്നു നിർമിതവജ്രം സൃഷ്ടിക്കാറുണ്ട്. വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന വജ്രങ്ങളിൽ സിംഹഭാഗവും ഇത്തരത്തിൽ രാസപ്രക്രിയയിലൂടെ നിർമിച്ചതാണ്. ചൈനയാണ് ഇവ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യം. കാർബണിന്റെ വകഭേദമായ ഗ്രാഫൈറ്റിനെ വളരെ ഉയർന്ന താപനിലയിലും സമ്മർദത്തിലും പരിവർത്തനപ്പെടുത്തിയാണ്  ഇതു നിർമിക്കുന്നത്. 

നരേന്ദ്ര മോദിക്കായി വൈറ്റ്ഹൗസിൽ ഒരുക്കിയ വിരുന്നിലെ വിഭവം. പ്രശസ്ത സസ്യാഹാര പാചകവിദഗ്ധയായ നീന കർട്ടിസാണ് ഇത് തയാറാക്കിയത്.
നരേന്ദ്ര മോദിക്കായി വൈറ്റ്ഹൗസിൽ ഒരുക്കിയ വിരുന്നിലെ വിഭവം. പ്രശസ്ത സസ്യാഹാര പാചകവിദഗ്ധയായ നീന കർട്ടിസാണ് ഇത് തയാറാക്കിയത്.

English Summary : Narendra Modi presents diamond to US First lady Jill Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com