ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിലെ പുരുലിയയിൽ 1995 ൽ ചരക്കുവിമാനത്തിൽനിന്ന് വൻആയുധശേഖരം താഴേക്കിട്ട കേസിലെ മുഖ്യപ്രതി കിം ഡേവിയെ (നീൽസ് ഹോക് –61) ഇന്ത്യയ്ക്കു കൈമാറാൻ ഡെൻമാർക്ക് അനുമതി നൽകി. ഇക്കാര്യത്തിൽ അന്തിമതീരുമാനം കോടതിയുടേതായിരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. 

പിടികിട്ടാപ്പുള്ളിയായ കിം ഡേവിയെ കൈമാറാൻ 2002 ൽ ആണ് ഇന്ത്യ ആദ്യം ഡെൻമാർക്കിനോട് അഭ്യർഥിച്ചത്. 2010 ൽ ഡെൻമാർക്ക് സർക്കാർ അനുമതി നൽകിയെങ്കിലും ഇന്ത്യൻ ജയിലുകളിലെ സ്ഥിതി മോശമാണെന്നു ചൂണ്ടിക്കാട്ടി കോടതി അനുമതി റദ്ദാക്കി. ഇത് ഇന്ത്യ–ഡെൻമാർക്ക് ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 2016 ൽ വീണ്ടും ഇന്ത്യ ആവശ്യമുന്നയിച്ചു. ഇപ്പോഴും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് ഡെൻമാർക്ക് സർക്കാർ സ്വീകരിച്ചെങ്കിലും അന്തിമതീരുമാനം കോടതിയുടേതാവും. 

ബംഗാൾ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ‘ആനന്ദമാർഗികൾ’ എന്ന തീവ്രവാദ സംഘടനയ്ക്കു വേണ്ടിയാണ് ആയുധങ്ങൾ വർഷിച്ചതെന്നായിരുന്നു സുരക്ഷാ ഏജൻസികളുടെ നിഗമനം. 1995 ഡിസംബറിൽ 17നു രാത്രി കറാച്ചിയിൽനിന്നെത്തിയ ചരക്കുവിമാനത്തിൽ റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളുമടക്കം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. സിബിഐ അന്വേഷിച്ച കേസിൽ ഒരു ബ്രിട്ടിഷുകാരനും 5 ലാത്വിയൻ പൗരന്മാരും അറസ്റ്റിലായി. കൊൽക്കത്ത ജയിലിൽ കഴിഞ്ഞിരുന്ന ലാത്വിയക്കാരെ റഷ്യയുടെ അഭ്യർഥനപ്രകാരം 2000 ൽ മോചിപ്പിച്ചു. ബ്രിട്ടന്റെ അഭ്യർഥന പ്രകാരം ബ്രിട്ടിഷ് പൗരൻ പീറ്റർ ബ്ലീച്ചിനു 2004 ൽ രാഷ്ട്രപതി മാപ്പുനൽകി. 

English Summary : Denmark to extradict the main accused in Purulia case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com