കേന്ദ്ര സർക്കാരിൽ അഴിച്ചുപണി; മന്ത്രിമാർ നഡ്ഡയെ കണ്ടു

Mail This Article
ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിൽ അഴിച്ചുപണിയുടെ സൂചനകളുണർത്തി ധനമന്ത്രി നിർമല സീതാരാമനടക്കം 3 മന്ത്രിമാർ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ചർച്ച നടത്തി. ഇന്നലെ രാത്രി പാർട്ടി ആസ്ഥാനത്തായിരുന്നു ചർച്ച. നിർമല ബിജെപിയുടെ സമുന്നത നേതൃസമിതിയിലേക്കു വരുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു എന്നിവരും നഡ്ഡയുമായി ചർച്ചകൾക്കെത്തിയിട്ടുണ്ട്. റിജിജുവിനെ അടുത്തയിടെ നിയമന്ത്രാലയത്തിൽ നിന്നു മാറ്റി അപ്രധാന വകുപ്പിൽ നിയമിച്ചിരുന്നു. പകരം രാജസ്ഥാനിൽ നിന്നുള്ള അർജുൻ റാം മേഘ്‌വാളിനെ നിയമമന്ത്രിയാക്കി.
തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങൾക്കും ബിജെപി മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയാവും മന്ത്രിസഭാ വികസനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ മധ്യപ്രദേശിൽ പാർട്ടി അധ്യക്ഷനാക്കുമെന്നു സൂചനകളുണ്ട്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കുറച്ചു കൂടി പ്രാധാന്യമുള്ള വകുപ്പു നൽകുമെന്നറിയുന്നു.
രാഷ്ട്രപതി ദ്രൗപദി മുർമു തലസ്ഥാനത്തു തിരിച്ചെത്തിയാലുടൻ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന സൂചന ശക്തമാണ്.
English Summary : Deregulation in the central government, Ministers meet Nadda