ADVERTISEMENT

മുംബൈ ∙ പാർട്ടി പിളർത്തി എൻഡിഎക്കൊപ്പം ചേർന്ന അജിത് പവാർ വിഭാഗത്തിനെ എതിർപക്ഷത്തെ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിളിക്കുന്നത് എൻസിപി (ഇഡി) എന്നാണ്. അജിത്തിന്റെയും സംഘത്തിന്റെയും കൂറുമാറ്റത്തിനു പിന്നിൽ ഇഡി എന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർണായക പങ്കുണ്ട് എന്നാണു പരിഹാസം.

കൂറുമാറി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത 9 ൽ 3 പേർക്കെതിരെ കേസുകളുണ്ട്. മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കെതിരെ അഴിമതി ആരോപണവും മറ്റു ചില കേസുകളുമുണ്ട്. വിമത നീക്കത്തിന്റെ സൂത്രധാരനായ പ്രഫുൽ പട്ടേലിനെതിരെയും ഗുരുതര ആരോപണവും കേസുകളും നിലനിൽക്കുന്നു. കേസുകൾ ഇങ്ങനെ: 

അജിത് പവാർ (ഉപമുഖ്യമന്ത്രി)

സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടറായിരിക്കെ നഷ്ടത്തിലായിരുന്ന പഞ്ചസാര മില്ലിനു വായ്പ അനുവദിച്ച് ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇഡി കേസ്. മില്ല് പുനരുജ്ജീവിപ്പിക്കാനെന്ന പേരിൽ ബാങ്ക് കോടിക്കണക്കിനു രൂപ വായ്പ അനുവദിക്കുകയും തിരിച്ചടവു മുടങ്ങിയെന്നു കാട്ടി ലേലം ചെയ്യുകയുമായിരുന്നു. അജിത്തിന്റെ ബെനാമി കമ്പനികളാണ് മില്ല് ലേലത്തിൽ പിടിച്ചതെന്നാണ് ഇഡി ആരോപിച്ചത്. കേസിന്റെ ആദ്യഘട്ടത്തിൽ അജിത്തിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഇഡി ഈയിടെ സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരുടെ പേര് ഒഴിവാക്കി. 

നേരത്തെ ജലസേചന മന്ത്രിയായിരിക്കെ ആയിരക്കണക്കിനു കോടി രൂപയുടെ അഴിമതി ആരോപണം ഉയർന്നിരുന്നു. 2019 ൽ ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് ഉപമുഖ്യമന്ത്രിയുമായി സർക്കാർ രൂപീകരിച്ചപ്പോൾ ഇൗ കേസ് തിടുക്കത്തിൽ അവസാനിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാനാകാതെ 80 മണിക്കൂറിൽ സർക്കാർ നിലംപൊത്തിയെങ്കിലും കേസിൽ നിന്നു തലയൂരാനായി. അജിത്തും കുടുംബാംഗങ്ങളുമായി ബന്ധമുള്ള 1400 കോടി രൂപയുടെ സ്വത്ത് ആദായനികുതി വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. 

ഛഗൻ ഭുജ്ബൽ (മന്ത്രി)

പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഡൽഹിയിലെ മഹാരാഷ്ട്ര സദൻ നിർമാണവുമായി ബന്ധപ്പെട്ടും മുംബൈയിൽ വിവിധ പ്ലോട്ടുകളുടെ വിൽപനയിലൂടെയും 900 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു പ്രധാന ആരോപണം. ഇദ്ദേഹത്തിന്റെ 433 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണക്കേസിൽ 2015 ൽ അറസ്റ്റിലായി. 2 വർഷത്തെ ജയിൽവാസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്. 

ഹസൻ മുഷറിഫ് (മന്ത്രി)

കോലാപുരിൽ പഞ്ചസാര മില്ലിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമെന്നുമാണു കേസ്. 40,000 കരിമ്പു കർഷകരിൽ നിന്ന് 10,000 രൂപ വീതം വാങ്ങിയ ശേഷം ആർക്കും ഓഹരി പങ്കാളിത്തം നൽകിയില്ലെന്ന ആരോപണവും നേരിടുന്നു. 

പ്രഫുൽ പട്ടേൽ (കേന്ദ്രമന്ത്രിപദം പ്രതീക്ഷിക്കുന്ന വിമത നേതാവ്)

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളി ആയിരുന്ന ഇക്ബാൽ മിർച്ചിയുടെ കുടുംബത്തിന്റെ മുംബൈയിലെ സ്ഥലത്തു വാണിജ്യ, താമസ സമുച്ചയം നിർമിച്ചതുമായി ബന്ധപ്പെട്ടാണ് ഒരു കേസ്. സ്ഥലത്തിനു പകരമായി ഏതാനും ഫ്ലാറ്റുകൾ മിർച്ചി കുടുംബത്തിന് പ്രഫുൽ പട്ടേലിന്റെ മിലേനിയം ഡവലപ്പേഴ്സ് കൈമാറിയെന്നും പറയുന്നു. കെട്ടിടത്തിലെ ഏതാനും നിലകൾ ഇഡി കണ്ടുകെട്ടി. 

യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രി ആയിരിക്കെ 70,000 കോടി രൂപയ്ക്ക് വിമാനങ്ങൾ വാങ്ങി, എയർ ഇന്ത്യയുടെ ലാഭകരമായ റൂട്ടുകൾ സ്വകാര്യ വിമാന കമ്പനികൾക്ക് ലഭിക്കാൻ ഒത്താശ ചെയ്തു എന്നിവയുമായി ബന്ധപ്പെട്ടും ആരോപണമുണ്ട്.

English Summary: Most of the NCP left leaders in Maharashtra facing cases or serious allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com