ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരവാദം ഏതു രൂപത്തിലാണെങ്കിലും ഒരുമിച്ചു നേരിടണമെന്ന് ഇന്ത്യ അധ്യക്ഷത വഹിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടി ആഹ്വാനം ചെയ്തു. എസ്‌സിഒ ഏതെങ്കിലും രാജ്യത്തിനോ കൂട്ടായ്മകൾക്കോ എതിരല്ലെന്നും സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞു. ആഗോള വിഷയങ്ങൾ സംഘർഷത്തിലൂടെ പരിഹരിക്കുന്നതിനെ ശക്തമായി എതിർക്കും. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് എസ്‌സിഒയിൽ അംഗങ്ങളായുള്ളത്. ഇറാനു കൂടി സ്ഥിരാംഗത്വം നൽകാൻ ഉച്ചകോടി തീരുമാനിച്ചു. സംഘടനയിൽ ചേരാനുള്ള ബെലാറൂസിന്റെ ധാരണാപത്രം അംഗീകരിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് ദേശീയ നയമാക്കിയ രാജ്യങ്ങളെ ശക്തിയുക്തം വിമർശിക്കാൻ സംഘടന തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഭീകരവാദത്തെ നേരിടുന്നതിൽ ഇരട്ടത്താപ്പുണ്ടാകരുതെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ മോദി അഭിപ്രായപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വെർച്വൽ യോഗത്തിൽ മോദിയുടെ അധ്യക്ഷ പ്രസംഗം. 

ഭീകരവാദം, ഭീകരർക്കുള്ള ധനസഹായം എന്നിവയെ നേരിടാൻ ആർജവത്തോടെയുളള നടപടി ആവശ്യമാണ്. സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും പരസ്പരം മനസ്സിലാക്കാനും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാനും എസ്‌സിഒ രാജ്യങ്ങൾക്കു കഴിയണം. രാജ്യങ്ങളുടെ പരമാധികാരവും അതിർത്തികളുടെ സുരക്ഷയും സംരക്ഷിക്കാൻ കൂട്ടുത്തരവാദിത്തം വേണമെന്നും മോദി പറഞ്ഞു. പരസ്പരമുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിലും അത് മറ്റുള്ളവരെ ബാധിക്കുന്നവിധത്തിലാവരുതെന്ന് ചൈനയുടെ വിവാദ ബെൽറ്റ് റോഡ് പദ്ധതിയെ പേരെടുത്തു പറയാതെ വിമർശിച്ച് മോദി പറഞ്ഞു. പാക്ക് അധീന കശ്മീരിലൂടെ കടന്നു പോകുന്ന ചൈന–പാക്ക് സാമ്പത്തിക ഇടനാഴിയടക്കമുള്ള പദ്ധതിയെ ഇന്ത്യ ശക്തമായി എതിർക്കുന്നുണ്ട്.

സ്റ്റാർട്ടപ്പുകളും ഇന്നവേഷനും, പാരമ്പര്യ വൈദ്യശാസ്ത്രം, യുവ ശാക്തീകരണം, എല്ലാവർക്കും ഡിജിറ്റൽ സൗകര്യം, ബുദ്ധ പാരമ്പര്യത്തിന്റെ പങ്കുവയ്ക്കൽ എന്നീ 5 തൂണുകൾ ഇന്ത്യ എസ്‌സിഒയുടെ സഹകരണത്തിനായി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സ്ഥിതിഗതികൾ അയൽരാജ്യങ്ങളുടെ സ്വൈരം കെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കു പ്രോത്സാഹനമാകരുത്. രാജ്യങ്ങളിൽ മതമൗലിക വാദം പടരുന്നതും തടയണം. ഇന്ത്യയുടെ എഐ ഭാഷാ പ്ലാറ്റ്ഫോമായ ഭാഷിണി രാജ്യങ്ങൾക്കിടയിലെ ഭാഷാ തടസ്സം പരിഹരിക്കാൻ ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇറാന്റെ സ്ഥിരാംഗത്വത്തോടെ ഛാബഹാർ തുറമുഖത്തിന്റെ വിപുലമായ ഉപയോഗത്തിനും വഴിയൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.  

ഉപരോധമെല്ലാം ഉപകാരം: പുട്ടിൻ

∙ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ റഷ്യയെ കൂടുതൽ ശക്തരാക്കിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എസ്‌സിഒ യോഗത്തിൽ പറഞ്ഞു. പ്രാദേശിക കറൻസികളിൽ എസ്‌സിഒ രാജ്യങ്ങളുടെ ഇടപാടുകൾ നടത്തുന്നതിനെ റഷ്യ പിന്തുണയ്ക്കും.

English Summary: Narendra Modi speech at Shanghai Cooperation Organisation summit against double stand on action against terrorism 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com