ADVERTISEMENT

ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിലുള്ള ബഹനാഗ ബസാ‍ർ സ്റ്റേഷനിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടവുമായി ബന്ധപ്പെട്ട് 3 പേരെ സിബിഐ അറസ്റ്റ് ചെയ്തു. ബാലസോർ സീനിയർ സെക്‌ഷൻ എൻജിനീയർ അരുൺ കുമാർ മഹാതോ, സോഹോ സീനിയർ സെക്‌ഷൻ എൻജിനീയർ മുഹമ്മദ് ആമിർ ഖാൻ, ടെക്നിഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. 

മനഃപൂർവമുള്ള നരഹത്യ, തെളിവു നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തിനു കാരണം സ്റ്റേഷനിലെ സിഗ്നൽ തകരാറാണെന്നു മുഖ്യ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അപകടത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന ഭാഗം സിബിഐ അന്വേഷിക്കുന്നതിനാൽ ആ വിഷയം സുരക്ഷാ കമ്മിഷണർ പരിഗണിച്ചിരുന്നില്ല. 

ജൂൺ 2ന് ആണ് ഹൗറയിൽ നിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞത്. ഇതിന്റെ കോച്ചുകൾ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുർ–ഹൗറ എക്സ്പ്രസിൽ ഇടിച്ച് അതിന്റെ കോച്ചുകളും പാളം തെറ്റി. 

മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്കു തെറ്റിക്കയറി, നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചു മറിഞ്ഞത് സ്റ്റേഷനിലെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലവൽ ക്രോസിങ് 94ലും നടന്ന അറ്റകുറ്റപ്പണി ശരിയായ രീതിയിൽ ചെയ്യാത്തതിനാലാണെന്നാണ് സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അറ്റകുറ്റപ്പണി നടത്തുന്നതായും തുടർന്നു ജോലികൾ പൂർത്തിയായതായും സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. എന്നാൽ, അതിനുശേഷം സുരക്ഷ ഉറപ്പുവരുത്തേണ്ട നടപടി ക്രമങ്ങൾ നടന്നില്ല. പൂർത്തിയാക്കി എന്ന റിപ്പോർട്ടിനു ശേഷവും ട്രാക്കിലും ലവൽ ക്രോസിങ്ങിലും ജോലികൾ നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

മെയിൻ ലൈനിൽ കൊറമാണ്ഡൽ എക്സ്പ്രസിനു പച്ച സിഗ്നൽ നൽകിയ ശേഷവും ട്രെയിനിന്റെ ട്രാക്ക് നിശ്ചയിക്കുന്ന പോയിന്റ് ലൂപ് ലൈനിലേക്കു തന്നെ ബന്ധിപ്പിച്ചു കിടന്നിരുന്നതാണ് അപകടത്തിനിടയാക്കിയത്. സിഗ്നൽ നൽകുന്നതിനു മുൻപ് ഇതു പരിശോധിച്ചില്ല. ഓപ്പറേറ്റിങ് സ്റ്റാഫും സിഗ്നലിങ് സ്റ്റാഫും ഇതിന് ഒരുപോലെ ഉത്തരവാദികളാണെന്നും റെയിൽവേ കണ്ടെത്തിയിരുന്നു.

English Summary: Odisha Train Accident, CBI Arrested Three Railway Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com