ADVERTISEMENT

ന്യൂഡൽഹി∙ വാട്സാപ് പോലെയുള്ള ആപ്പുകളുടെ വരവോടെ രാജ്യത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ടെലികോം കമ്പനികൾ മൊബൈൽ കോൾ വരുമാനത്തിൽ 79% ഇടിവും എസ്എംഎസ് വരുമാനത്തിൽ 94% ഇടിവുമുണ്ടായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). അതേസമയം മൊബൈൽ ഇന്റർനെറ്റിൽ നിന്നുള്ള വരുമാനം 10 മടങ്ങ് വർധിക്കുകയും ചെയ്തു. വാട്സാപ് പോലെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങളെ (ഓവർ ദ് ടോപ്–ഒടിടി) ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്തി നിയന്ത്രിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യത്തിന്റെ ഒരു കാരണവും ഇതാണ്. കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തിൽ ട്രായ് പൊതുജനാഭിപ്രായം തേടിയത്.

2013ൽ ഒരു ഉപയോക്താവ് പ്രതിമാസം ശരാശരി 27 എസ്എംഎസ് അയച്ചിരുന്നെങ്കിൽ കഴിഞ്ഞവർഷമിത് 12 ആയി കുറഞ്ഞു. ഒരു ഉപയോക്താവിൽ നിന്ന് ഫോൺ കോളിനായി ലഭിച്ചിരുന്ന വരുമാനം 72 രൂപയായിരുന്നത് 14.7 രൂപയായി കുറഞ്ഞു. അതേസമയം ഇന്റർനെറ്റ് വരുമാനം 10.02 രൂപയായിരുന്നത് 125.05 രൂപയായി വർധിച്ചു. മൊത്തം ടെലികോം വരുമാനത്തിന്റെ 85 ശതമാനവും ഇന്റർനെറ്റ് വരുമാനത്തിൽ നിന്നായി മാറി. ടെലികോം കമ്പനികൾ നൽകുന്ന കോൾ, മെസേജിങ് സേവനങ്ങൾ തന്നെയാണ് ഇന്റർനെറ്റ് വഴി നൽകുന്ന ഒടിടി കമ്പനികളും നൽകുന്നതെങ്കിലും സാമ്പത്തികവും നിയമപരവുമായ കാര്യങ്ങളിൽ ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട്.

വൻ തോതിലുള്ള അടിസ്ഥാസൗകര്യം ഒരുക്കാനും ഒട്ടേറെ നിയമങ്ങൾ പാലിക്കാനും ടെലികോം കമ്പനികൾക്ക് വൻതോതിൽ ചെലവുണ്ട്. ടെലികോം സേവനദാതാക്കളുടെ ശൃംഖല ഉപയോഗിച്ച് ഒടിടി സേവനദാതാക്കൾക്ക് ഇതേ സേവനം നൽകുന്നതിന് ഈ ബാധ്യതയില്ല. അതുകൊണ്ട് നിയന്ത്രണത്തിന്റെയും ചാർജിന്റെയും കാര്യത്തിൽ തുല്യത വേണമെന്നാണ് ടെലികോം കമ്പനികളുടെ വാദം.
സാമ്പത്തികബാധ്യത ഒടിടി ആപ്പുകൾക്കും ബാധകമായാൽ ഇത്തരം സേവനങ്ങള്‍ക്ക് ഉപയോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കുന്ന രീതിയും വരാം.

നിയന്ത്രണം വേണമെന്ന് കേന്ദ്രവും

വാട്സാപ് പോലെയുള്ള ഒടിടി സേവനങ്ങളെ ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്തി നിയന്ത്രിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നിലപാട്. സെപ്റ്റംബറിൽ ടെലികോം മന്ത്രാലയം കൊണ്ടുവന്ന കരട് ടെലികോം ബില്ലിൽ ടെലികോം സേവനങ്ങളുടെ നിർവചനത്തിലാണ് ഇവയെ ഉൾപ്പെടുത്തിയത്. കരടുബിൽ അധികം വൈകാതെ പാർലമെന്റിൽ എത്തിയേക്കും. ബിൽ അന്തിമമാക്കുമ്പോൾ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിലപാടും നിർണായകമാകും. ഒടിടി സേവനങ്ങളെ നിയന്ത്രിക്കേണ്ടതില്ലെന്നായിരുന്നു 2020ൽ ട്രായിയുടെ നിലപാട്.

English Summary : Change in revenue stream of telecom companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com