ADVERTISEMENT

ന്യൂഡൽഹി ∙ മോദിപ്പേര് അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി അടിയന്തര സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കക്ഷികൾക്കു നോട്ടിസ് അയച്ച സുപ്രീം കോടതി ഹർജി ഓഗസ്റ്റ് 4നു പരിഗണിക്കും. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നു രാഹുലിനുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി ആവശ്യപ്പെട്ടെങ്കിലും വിശദമായി കേൾക്കേണ്ടതുണ്ടെന്നു ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, പി.കെ.മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധിയെത്തുട‍ർന്നു രാഹുലിനു ലോക്സഭാംഗത്വം നഷ്ടമായിരുന്നു. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളിയതിനെത്തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. 

നോട്ടിസ് അയച്ചു മൂന്നോ നാലോ ആഴ്ചയ്ക്കകം വീണ്ടും പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. എന്നാൽ, കൂടുതൽ നീളുന്നതു ഗുണകരമാകില്ലെന്നു സിങ്‍വി മറുപടി നൽകി. 10 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാമെന്ന് പൂർണേശ് മോദിക്കായി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു. 

കോൺഗ്രസ് പശ്ചാത്തലം ഓർമിപ്പിച്ച് ജസ്റ്റിസ് ഗവായ്

തന്റെ പിതാവ് കോൺഗ്രസുമായി സഹകരിച്ചിട്ടുള്ളതിനാൽ കേസ് പരിഗണിക്കുന്നതിൽ പ്രശ്നമുണ്ടോയെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് ചോദിച്ചു. സഹോദരനും കോൺഗ്രസുകാരനായി രാഷ്ട്രീയത്തിലുണ്ട്. വിക്ടോറിയ ഗൗരി കേസിൽ ഈ പ്രശ്നം ഉയർന്നിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിൽ പ്രശ്നമില്ലെന്ന് രാഹുലിന്റെ അഭിഭാഷകനായ സിങ്‍വിയും പൂർണേശ് മോദിക്കായി ഹാജരായ മഹേഷ് ജഠ്മലാനിയും വ്യക്തമാക്കി. നമുക്ക് ഇക്കാര്യം അറിയാമെങ്കിലും എല്ലാവരും ഇതറിയേണ്ടതുണ്ടെന്നു ജസ്റ്റിസ് ഗവായ് സൂചിപ്പിച്ചു. 

English Summary: Supreme Court Notice on Rahul Gandhi Defamation Case, stay plea not allowed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com