ആന്ധ്രാ തീരത്ത് നീലത്തിമിംഗലം അടിഞ്ഞു
Mail This Article
അമരാവതി (ആന്ധ്രപ്രദേശ്) ∙ 25 അടി നീളവും 5000 കിലോ തൂക്കവുമുള്ള നീലത്തിമിംഗലം ആന്ധ്രയിലെ ശ്രീകാകുളം മേഘവാരം ബീച്ചിൽ കരയ്ക്കടിഞ്ഞു. ഈ മേഖലയിൽ ഇത് അപൂർവ സംഭവമാണ്. സമീപ ഗ്രാമങ്ങളിൽ നിന്നെല്ലാം ജനങ്ങൾ തിമിംഗലത്തെ കാണാനെത്തി.
ആന്ധ്രാതീരത്ത് ന്യൂനമർദം ശക്തിപ്പെടുന്നതിനിടെയാണ് സംഭവം. സംസ്ഥാനത്ത് കുറേ ദിവസമായി ശക്തമായ മഴയാണ്. ശ്രീകാകുളം മേഖലയിൽ 7 സെന്റീമീറ്റർ മഴ പെയ്തിരുന്നു. ന്യൂനമർദം വീണ്ടും കനക്കുമെന്നും കാറ്റ് ശക്തമാകുമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
33 ആനകളുടെ ഭാരം
200 ടൺ വരെ (33 ആനകളുടെ തൂക്കം) ഭാരം വരാവുന്ന നീലത്തിമിംഗലം ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ്. അതിന്റെ ഹൃദയത്തിന് ഒരു ചെറുകാറിന്റെ വലിപ്പമുണ്ടാവും. ഹൃദയധമനിയിൽക്കൂടി മനുഷ്യന് ഇഴഞ്ഞുപോകാൻ കഴിയും. ചെമ്മീൻവർഗത്തിൽപെട്ട ചെറുമീനുകളാണ് പ്രധാന ഭക്ഷണം. 1000 കിലോ മീനിനെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ആമാശയം. ദിനംപ്രതി 4000 കിലോ മീൻ തിന്നും.
ലോകത്ത് ഏറ്റവും ശബ്ദമുള്ള ജീവിയും തിമിംഗലമാണ്. ജെറ്റ് വിമാനത്തേക്കാൾ (140 ഡെസിബെൽ) വലിയ ശബ്ദം (188 ഡെസിബെൽ) പുറപ്പെടുവിക്കാൻ കഴിയും. നൂറുകണക്കിനു മൈലുകൾ അകലെ വരെ ഈ ശബ്ദം കേൾക്കാം. എണ്ണയ്‌ക്കും കൊഴുപ്പിനും വേണ്ടി 20–ാം നൂറ്റാണ്ടിൽ മാത്രം 3,50,000 തിമിംഗലങ്ങളെ മനുഷ്യൻ കൊന്നൊടുക്കി. ഇനി പതിനയ്യായിരത്തോളം നീലത്തിമിംഗലങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
English Summary : Blue whale on Andhra pradesh coast