അസം റൈഫിൾസിനെതിരെ മണിപ്പുരിൽ കേസ്
Mail This Article
മൂന്നു മെയ്തെയ്കളെ കൊലപ്പെടുത്തിയ കുക്കി അക്രമികളെ രക്ഷപ്പെടാൻ അനുവദിച്ചെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പുർ പൊലീസ് കേസെടുത്തു. മെയ്തെയ്-കുക്കി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുന്ന ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിലെ മൊയ്രാങ് ലംകൈ ചെക്ക്പോസ്റ്റിൽ നിന്ന് അസം റൈഫിൾസിനെ മാറ്റി പകരം സിആർപിഎഫിനെ വിന്യസിക്കുകയും ചെയ്തു. ഈ ചെക്ക് പോസ്റ്റ് മെയ്തെയ്-കുക്കി മേഖലകൾക്കിടയിലെ ബഫർ സോണിലാണുള്ളത്. കലാപം മൂർഛിച്ച സാഹചര്യത്തിൽ അസം റൈഫിൾസ് താൽക്കാലികമായാണ് ഇവിടെയുണ്ടായിരുന്നതെന്നും സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്രസേനകളെയും ഇവിടെ വിന്യസിച്ചിരുന്നതായും അസം റൈഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അസം റൈഫിൾസ് കുക്കികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് മെയ്തെയ് വനിതകൾ കഴിഞ്ഞ ദിവസം ഇംഫാൽ താഴ്‌വരയിൽ പ്രക്ഷോഭം നടത്തിയിരുന്നു. അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് മുതിർന്ന ബിജെപി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷ്ണുപുരിലെ ക്വാക്തയിൽ ശനിയാഴ്ച പുലർച്ചെ അച്ഛനും മകനും ഉൾപ്പെടെ ഉറങ്ങിക്കിടന്ന 3 പേരെ കുക്കി അക്രമികൾ കൊലപ്പെടുത്തിയിരുന്നു. മണിപ്പുർ പൊലീസും കമാൻഡോകളും അക്രമികളെ പിടിക്കാൻ തൊട്ടടുത്ത ഗ്രാമത്തിലേക്കു നീങ്ങുമ്പോൾ കുതുബ് വാലി പള്ളിക്കു സമീപം വാഹനം കുറുകെയിട്ട് അസം റൈഫിൾസ് ഈ നീക്കം തടഞ്ഞുവെന്നാണ് പരാതി. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
അതേസമയം, കുക്കി കുന്നുകളിലേക്കു മെയ്തെയ്കൾ ഉൾപ്പെട്ട മണിപ്പുർ പൊലീസ് എത്തിയാൽ സ്ഥിതി ഗുരുതരമാകുമെന്നതിനാലാണ് തടയേണ്ടിവന്നതെന്ന് അസം റൈഫിൾസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മനോരമയോട് പറഞ്ഞു. മണിപ്പുർ പൊലീസിനൊപ്പം കമാൻഡോ യൂണിഫോമിട്ട തീവ്ര മെയ്തെയ് സംഘടനകളിലെ സായുധരായ അംഗങ്ങളും ക്വാക്തയിലുണ്ടായിരുന്നു. കുക്കി മേഖലകളിലേക്ക് ഇവരും വെടിവച്ചിരുന്നു. വെടിവയ്പ്പിൽ 2 കുക്കികളും കൊല്ലപ്പെട്ടു.
ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ മോറെയിൽ സംസ്ഥാന പൊലീസിനു കീഴിലുള്ള ഇന്ത്യ റിസർവ് ബറ്റാലിയനെ (ഐആർബി) വിന്യസിക്കാൻ ശ്രമിച്ചെങ്കിലും അസം റൈഫിൾസിന്റെ പിന്തുണയില്ലാത്തതിനാൽ ഇതു പരാജയപ്പെട്ടിരിക്കുകയാണെന്നാണു സംസ്ഥാന സർക്കാരിന്റെ പരാതി. ഏഷ്യൻ ഹൈവേയിൽ തെഗ്നാപാലിൽ സംസ്ഥാന പൊലീസിന്റെ നീക്കം തടയാൻ ധർണയിരിക്കുന്ന കുക്കി വനിതകളെ നീക്കം ചെയ്യാൻ അസം റൈഫിൾസ് അനുവദിക്കുന്നില്ല. ഒരാഴ്ചയിലധികമായി മോറെയിലേക്ക് നീങ്ങാനാകാതെ റോഡിൽ കാത്തുനിൽക്കുകയാണ് ഐആർബി.
ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ ചുമതലയുള്ള അസം റൈഫിൾസിന്റെ ഭരണച്ചുമതല ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാണെങ്കിലും ഫീൽഡിലെ ചുമതല പ്രതിരോധമന്ത്രാലയത്തിനാണ്. പട്ടാളത്തിൽ നിന്നു ഡപ്യൂട്ടേഷനിലെത്തുന്ന ഉദ്യോഗസ്ഥരാണ് നയിക്കുന്നത്.
English Summary : Case against Assam Rifles in Manipur