ന്യൂഡൽഹി ∙ പൊതുസമൂഹം പ്രതീക്ഷിക്കുന്ന വിധം വസ്ത്രം ധരിക്കാത്തവരും മദ്യപിക്കുന്നവരുമായ സ്ത്രീകളെക്കുറിച്ചുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതി സുപ്രീം കോടതി പുതിയ ശൈലീപുസ്തകം പുറത്തിറക്കി. സ്ത്രീകൾക്കെതിരായ ജെൻഡർ മുൻവിധി നിറഞ്ഞ തെ‌റ്റായ പദപ്രയോഗങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന പുസ്തകത്തിൽ അവയ്ക്കു പകരം കോടതികൾ ഉപയോഗിക്കേണ്ട ബദൽ വാക്കുകളും നിർദേശിച്ചിട്ടുണ്ട്. ‘വീട്ടമ്മ’യല്ല (house wife), ‘ഹോം മേക്കർ’ ആണ് അഭികാമ്യം. ‘ഉദ്യോഗസ്ഥ വനിത’ വേണ്ട, ‘വനിത’ മതി.

പീഡനം സംബന്ധിച്ച് സ്ത്രീകൾക്കെതിരായ ഒട്ടേറെ മുൻവിധികളിലും തിരുത്തുണ്ട്. പീഡനം നേരിടുന്നവർ നിർത്താതെ കരയുകയും ആത്മഹത്യാപ്രവണത കാണിക്കുകയും ചെയ്യുമെന്നും ഉടൻ പരാതിപ്പെട്ടില്ലെങ്കിൽ പീഡനാരോപണം കള്ളമാണെന്നുമുള്ള ധാരണകൾ തെറ്റാണ്. ലൈംഗികാതിക്രമം നേരിട്ടയാളെ ‘ഇര’യെന്നോ ‘അതിജീവിത’യെന്നോ വിശേഷിപ്പിക്കാം. ഇക്കാര്യത്തിൽ ആ വ്യക്തിയുടെ അഭിപ്രായം കണക്കിലെടുക്കണം. കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി മൗഷ്മി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണു പുസ്തകം തയാറാക്കിയത്.

കേരളത്തിന്റെ തെറ്റിദ്ധാരണ തിരുത്തി സുപ്രീം കോടതി

General KTM-Kottayam-Manorama-First-A-17082023-1.sla

ന്യൂഡൽഹി ∙ ജെൻഡർ മുൻവിധികൾ തിരുത്തിയുള്ള സുപ്രീം കോടതിയുടെ പുതിയ ശൈലീപുസ്തകത്തിൽ കേരളത്തിലെ സെഷൻസ് കോടതി മുതൽ ഹൈക്കോടതി വരെ പുറപ്പെടുവിച്ച ചില ഉത്തരവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമ്മതമില്ലാതെ വിവാഹം ചെയ്ത 24 വയസ്സുള്ള യുവതിയെ തിരികെയെത്തിക്കാൻ രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയുമായി ബന്ധപ്പെട്ടതാണ് ഒരു കേസ്. യുവതി ദുർബലയും പല വിധത്തിൽ ചൂഷണത്തിനിരയാകാൻ സാധ്യതയുള്ളയാളാണെന്നും ഹൈക്കോടതിവിധിയിൽ രേഖപ്പെടുത്തിയിരുന്നു.

പ്രായപൂർത്തിയായ വ്യക്തിയാണെന്നതു പോലും പരിഗണിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി ആ ഉത്തരവു റദ്ദാക്കിയിരുന്നു. ശൈലീപുസ്തകത്തിൽ പറയുന്ന മറ്റൊരു ഉത്തരവ് കോഴിക്കോട് സെഷൻസ് കോടതി 2022 ൽ പുറപ്പെടുവിച്ചതാണ്. സ്ത്രീ പ്രകടനപരതയോടെയാണ് വസ്ത്രം ധരിച്ചതെന്നു കേസിലെ പ്രതി ജാമ്യാപേക്ഷയ്ക്കൊപ്പം ഹാജരാക്കിയ ചിത്രത്തിൽ വ്യക്തമാണെന്നും അതുകൊണ്ട് പീഡനക്കുറ്റം നിലനിൽക്കില്ലെന്നുമാണ് ഉത്തരവിലുണ്ടായിരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.

 

Page6-Kottayam-Manorama-First-A-17082023-11.sla

ഈ മിഥ്യാധാരണകൾ മാറ്റൂ

∙ ലൈംഗിക ക്ഷണത്തോടു സ്ത്രീ ‘ഇല്ല’ എന്നു പറഞ്ഞാൽ ‘ഇല്ല’ എന്നു തന്നെ അർഥം. 

∙ എല്ലാ സ്ത്രീകളും കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്നു കരുതരുത്. അതു വ്യക്തിപരമായ താൽപര്യമാണ്.

∙ സ്ത്രീകൾ പുരുഷന്മാർക്കു കീഴ്പെട്ടവരല്ല. ഭരണഘടന എല്ലാവർക്കും തുല്യ അവകാശം നൽകുന്നു.

∙ ആണുങ്ങൾക്ക് ലൈംഗികാഗ്രഹം അടക്കാനാകില്ല എന്ന ചിന്ത തെറ്റ്. 

∙ സ്ത്രീയുടെ വ്യക്തിത്വവും അവരുടെ പങ്കാളികളുടെ എണ്ണവുമായി ബന്ധമില്ല.

∙ പീഡനത്തെക്കാൾ ഭേദം മരണമെന്നു നല്ല സ്ത്രീകൾ കരുതുമെന്നത് പുരുഷാധിപത്യ ചിന്തയാണ്.

∙ ട്രാൻസ്ജെൻഡറുകളെ പീഡിപ്പിക്കാനാകില്ലെന്ന ധാരണ തെറ്റ്. ലൈംഗിക ചൂഷണത്തിന്റെ ഏറ്റവും വലിയ ഇരകളാണവർ. 

∙ പീഡനസമയത്തു നിലവിളിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പീഡനമല്ലെന്നു കരുതരുത്. 

∙ പ്രബലജാതിക്കാരായ പുരുഷന്മാർ അടിച്ചമർത്തപ്പെട്ട ജാതികളിലെ സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തില്ലെന്ന വാദം തെറ്റ്. 

∙ ലൈംഗികത്തൊഴിലാളിയും പീഡനം നേരിടാം. ലൈംഗികത്തൊഴിലാളിയായതുകൊണ്ട് എല്ലാവർക്കും സമ്മതം നൽകുന്നുവെന്ന് അർഥമില്ല.

∙ പീഡനത്തിനു പരിഹാരമല്ല വിവാഹം. പീഡനം കുറ്റകൃത്യമാണ്. 

∙ ഭിന്നശേഷിക്കാരുടെ പീഡന പരാതി തെറ്റായിരിക്കാമെന്ന ധാരണ തിരുത്തണം. ഭിന്നശേഷിക്കാരിയാണെന്നതു കൊണ്ട് ലൈംഗികാതിക്രമ സാധ്യത കുറയുന്നില്ല.

English Summary: SC issues guidelines to replace gender unjust terms