ADVERTISEMENT

ന്യൂഡൽഹി ∙ ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ഷർമിളയുടെ കോൺഗ്രസ് പ്രവേശനം അനിശ്ചിതത്വത്തിൽ. വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) നേതാവായ ഷർമിളയുടെ നീക്കം തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം തടഞ്ഞതാണു കാരണം. 

ആന്ധ്രയിലേക്കു പ്രവർത്തനം മാറ്റാൻ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഷർമിളയ്ക്കു സമ്മതമല്ല. ആന്ധ്രയിൽ തന്റെ സഹോദരനെതിരെ പ്രവർത്തിക്കില്ലെന്നും തെലങ്കാനയിൽ സജീവമാകാനാണു താൽപര്യമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നു. പാർട്ടി ഹൈക്കമാൻ‍ഡ് ആണ് ഇനി തീരുമാനമെടുക്കേണ്ടതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 

ആന്ധ്ര സ്വദേശിയായ ഷർമിള തെലങ്കാന കോൺഗ്രസിലേക്കു വരുന്നതു ദോഷം ചെയ്യുമെന്നാണു സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് എ.രേവന്ത് റെഡ്ഡിയുടെ വിലയിരുത്തൽ. തെലങ്കാനയിലെ ആന്ധ്രവിരോധമാണു കാരണം. 

സംസ്ഥാനത്തു കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച രേവന്തിന്റെ അഭിപ്രായം തളളാൻ ഹൈക്കമാൻഡിനും ബുദ്ധിമുട്ടുണ്ട്. 

ഈ വർഷമവസാനം തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രേവന്തിനെ പിണക്കാതെ ഷർമിളയെ എങ്ങനെ ഒപ്പം നിർത്താമെന്ന ചിന്തയിലാണു ദേശീയ നേതൃത്വം. 

സിന്ധ്യയുടെ അനുയായികൾ കോൺഗ്രസിലേക്ക് വരും

മധ്യപ്രദേശിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ള ഏതാനും നേതാക്കൾ വൈകാതെ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് വിവരം. 2020ൽ കോൺഗ്രസ് കൈവിട്ട് സിന്ധ്യ ബിജെപിയിൽ ചേർന്നപ്പോൾ ഒപ്പംപോയ ഗ്വാളിയറിൽ നിന്നുള്ള നേതാക്കളാണു മടങ്ങിവരാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചത്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ സിന്ധ്യയുടെ കോട്ടയായ ഗ്വാളിയർ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണു കോൺഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻ‍ഡിനെ അറിയിച്ചിരിക്കുന്നത്. 

English Summary : YS Sharmilas entry to Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com