ADVERTISEMENT

ബെംഗളൂരു ∙ വിദൂരതയിലിരുന്ന് ഒരു പരിധി വരെ മാത്രം മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്ന ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറിനെ മുൻകൂട്ടി നിശ്ചയിച്ച ചന്ദ്രോപരിതലത്തിൽ ഇറക്കാൻ സഹായിച്ചത് ഒരുകൂട്ടം സെൻസറുകളും ക്യാമറകളും അവയുടെ വിവരങ്ങൾ അവലോകനം ചെയ്തു കൃത്യമായ തീരുമാനമെടുക്കാൻ ശേഷിയുള്ള സോഫ്റ്റ്‌വെയറുമാണ്. പ്രധാനമായി 6 സെൻസറുകളും 3 ക്യാമറകളുമാണ് ലാൻഡറിന്റെ യാത്രയെ നിയന്ത്രിച്ചത്.

തിരുവനന്തപുരത്തെ ഇസ്റോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‌യു) നിർമിച്ച ലേസർ ഇനേർഷ്യൽ റഫറൻസിങ് ആൻഡ് ആക്സിലറോമീറ്റർ പാക്കേജ് (ലിറാപ്) ആണ് ഇതിൽ പ്രധാനം. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു പ്രധാന കാരണമായി വിലയിരുത്തിയത് ലാൻഡറിന്റെ വേഗം നിശ്ചയിക്കുന്നതിലും കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിലുമുള്ള പിഴവാണ്. ഇതിനു പരിഹാരമായാണ് ലിറാപ് സെൻസർ തയാറാക്കിയത്. ലാൻഡറിന്റെ സ്ഥാനം, വേഗം, ദിശ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ലിറാപാണ്. 

ലാൻഡിങ് വരെയുള്ള എല്ലാ ഘട്ടത്തിലും ലിറാപ് നിർണായക സംഭാവനകൾ നൽകി. ഇതൊരു സ്വയം നിയന്ത്രിത സെൻസർ ആണ്. ചന്ദ്രോപരിതലത്തിന് 800 മീറ്റർ മുകളിൽ എത്തിയപ്പോൾ മുതൽ ലിറാപിനെ സഹായിക്കാൻ മറ്റു സെൻസറുകളും ഉപയോഗിച്ചു. ലേസർ കിരണങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ചാണ് മറ്റു സെൻസറുകൾ പ്രവർത്തിച്ചത്. കെഎ–ബാൻഡ് ആൾട്ടിമീറ്റർ (കാര), ലേസർ ആൾട്ടിമീറ്റർ (ലാസ) എന്നീ സെൻസറുകൾ ഈ ഘട്ടത്തിൽ ലാൻഡറിന്റെ സ്ഥാനം നിശ്ചയിച്ച് ലിറാപിനെ അപ്ഡേറ്റ് ചെയ്തു. 

ലേസർ ഡോപ്ലർ വെലോസിമീറ്റർ (എൽ‍ഡിവി) ആണ് 800 മീറ്റർ മുതൽ ലാൻഡറിന്റെ കൃത്യമായ വേഗം മനസ്സിലാക്കാൻ സഹായിച്ചത്. ലാൻഡർ ഇറങ്ങേണ്ട സ്ഥലത്തിന്റെ ഉയർച്ച താഴ്ചകൾ ഉൾപ്പെടെ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാനും മറ്റും ലാൻഡർ പൊസിഷൻ ഡിറ്റക്‌ഷൻ ക്യാമറ (എൽപിഡിസി), ലാൻഡർ ഹസാഡ് ഡിറ്റക്‌ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറ (എ‍ൽഎച്ച്ഡിഎസി), ലാൻഡർ ഹൊറിസോന്റൽ വെലോസിറ്റി ക്യാമറ (എൽഎച്ച്‌വിസി) തുടങ്ങിയ ക്യാമറകളുടെയും മൈക്രോ സ്റ്റാർ സെൻസർ, ഇൻക്ലൈനോമീറ്റർ ആൻഡ് ടച്ച് ഡൗൺ സെൻസറുകൾ തുടങ്ങിയവയുടെയും സഹായമുണ്ടായി.

(തിരുവനന്തപുരം ഇസ്റോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടറാണ് ലേഖകൻ)

Content Highlight : Chandrayaan 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com