തിരുവനന്തപുരം ∙ ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന പ്രഗ്യാൻ റോവറിൽനിന്നു ലഭിക്കുന്നതു  ഇന്നുവരെ ലഭിച്ചിട്ടില്ലാത്തത്ര കൗതുകകരമായ വിവരങ്ങളാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ്. റോവറിലെ രണ്ടു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പരീക്ഷണങ്ങൾ കൃത്യമായി നടത്തി. ലഭിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഡേറ്റ കൈമാറ്റം വേഗം കുറവായതിനാൽ ചന്ദ്രയാനിൽനിന്നു ലഭിക്കുന്ന ഒരു ഫോട്ടോ ഡൗൺലോഡ് ചെയ്യാൻ 4 മണിക്കൂർ വേണം. ചന്ദ്രൻ ഇന്ത്യയ്ക്കു മുകളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ആശയവിനിമയം നടക്കുക. മറ്റു സമയങ്ങളിൽ യുഎസിലെയും ബ്രിട്ടനിലെയും ഓസ്ട്രേലിയയിലെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഗ്രൗണ്ട് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.  

എല്ലാ പരീക്ഷണങ്ങളും ആസൂത്രണം ചെയ്തതു പോലെ തുടങ്ങിക്കഴിഞ്ഞു. ചന്ദ്രയാനിലെ എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. റോവർ ചലിച്ചു തുടങ്ങാൻ അൽപം വൈകിയെന്നതൊഴികെ ഒരു തകരാറും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പേരുവിവാദം അനാവശ്യം

ചന്ദ്രയാൻ ഇറങ്ങിയ സ്ഥലങ്ങൾക്കു പ്രധാനമന്ത്രി പേരിട്ടതിനെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നു സോമനാഥ് പറഞ്ഞു. ചന്ദ്രനിലെ വിവിധ സ്ഥലങ്ങൾക്ക് പല രാജ്യങ്ങളും നേരത്തെയും പേരു നൽകിയിട്ടുണ്ട്. ചന്ദ്രനിലെ ഒരു ഗർത്തത്തിന്റെ പേര് സാരാഭായ് ക്രേറ്റർ എന്നാണ്. ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ യുഎസും ചൈനയും റഷ്യയും ഉൾപ്പെടെ ശ്രമിച്ചു പരാജയപ്പെട്ടതാണ്. 2 കിലോമീറ്റർ വരെ ഉയരമുള്ള കുന്നുകളും അതിലേറെ ആഴമുള്ള കുഴികളും അവിടെയുണ്ട്. 

2021 ൽ വിക്ഷേപിക്കാൻ ലക്ഷ്യമിട്ടിരുന്ന റഷ്യയുടെ ലൂണ25 ദൗത്യം ‌പല കാരണങ്ങളാൽ വൈകിയതാകാം. ഇന്ത്യയുമായി മത്സരിച്ചതാണെന്നു തോന്നുന്നില്ലെന്നും സോമനാഥ് പറഞ്ഞു. 

സെപ്റ്റംബർ ആദ്യവാരം വിക്ഷേപിക്കാനൊരുങ്ങുന്ന സൗര ദൗത്യമായ ആദിത്യ എൽ1 ഉപഗ്രഹം തയാറായിട്ടുണ്ട്. പിഎസ്എൽവി റോക്കറ്റുമായി ഘടിപ്പിച്ചുകഴിഞ്ഞു. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള താപകവചം ഘടിപ്പിച്ചിട്ടുണ്ട്. അവസാന പരീക്ഷണങ്ങൾ നടക്കുകയാണ്.

ക്ഷേത്രദർശനം സ്വകാര്യം; ചന്ദ്രയാനുമായി ബന്ധമില്ല

തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ക്ഷേത്രത്തിൽ പോയത് തന്റെ സ്വകാര്യ വിഷയമാണെന്നും അതുകൊണ്ടു ശാസ്ത്രത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും എസ്.സോമനാഥ് പറഞ്ഞു. 

ചന്ദ്രയാൻ 3 വിജയത്തിനുശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഇന്നലെയാണ് ക്ഷേത്രദർശനം നടത്തിയത്. ഐഎസ്ആർഒ ചെയർമാനുവേണ്ടി പ്രത്യേകം നട തുറന്നു പൂജ നടത്തുകയായിരുന്നു. മാനസികവും ആത്മീയവുമായ ശക്തി സംഭരിക്കുന്നതിന്റെ ഭാഗമായാണു ക്ഷേത്രദർശനം നടത്തുന്നത്. അതും ചന്ദ്രയാൻ ദൗത്യവുമായി ബന്ധമില്ല– സോമനാഥ് പറഞ്ഞു.

 

English Summary: Chandrayaan 3's  finding about moon