ADVERTISEMENT

തിരുവനന്തപുരം ∙ ചന്ദ്രനിൽ ദക്ഷിണധ്രുവ ഉപരിതലത്തിന്റെ താപനിലയിൽ ഓരോ സെന്റിമീറ്ററിലും വലിയ വ്യതിയാനമെന്ന് ചന്ദ്രയാൻ 3 റിപ്പോർട്ട് ചെയ്തു. ചന്ദ്രന്റെ തറനിരപ്പിൽനിന്ന് 8 സെന്റീമീറ്റർ ആഴത്തിലെത്തിയപ്പോൾ താപനിലയിൽ 65 ഡിഗ്രി സെൽഷ്യസ് വരെ വ്യതിയാനം സംഭവിച്ചെന്നാണു ലാൻഡർ മൊഡ്യൂളിലെ ശാസ്ത്രീയ പഠനോപകരണത്തിന്റെ കണ്ടെത്തൽ.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിനു (വിഎ‍സ്‌എസ്‌സി) കീഴിലുള്ള സ്പേസ് ഫിസിക്സ് ലബോറട്ടറി (എസ്പിഎൽ) അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയുമായി (പിആർഎൽ) ചേർന്നുതയാറാക്കിയ ചന്ദ്രാസ് തെർമോഫിസിക്കൽ എക്സ്പെരിമെന്റ് (ചാസ്തേ) പേലോഡ് നടത്തിയ പരീക്ഷണത്തിലാണു സുപ്രധാന കണ്ടെത്തൽ. ‘വിക്രം’ ലാൻഡറിലാണ് ഈ പേലോഡ് ഘടിപ്പിച്ചിരിക്കുന്നത്.

ലാൻഡർ ഇറങ്ങിയ ദക്ഷിണധ്രുവത്തിൽ 10 സെന്റീമീറ്റർ വരെ ആഴത്തിൽ കുഴിച്ചുള്ള താപനില പരിശോധനയാണ് ‘ചാസ്തേ’ നടത്തുന്നത്. രണ്ടാഴ്ച വീതം ഇരുട്ടും വെളിച്ചവും മാറി മാറി പതിയുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം പതിക്കുന്ന സമയത്തെ താപനിലവ്യതിയാനമാണിത്. സൂര്യപ്രകാശം ഇല്ലെങ്കിൽ മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെയാണു താപനില.

എന്നാൽ, ഭൂമിയിലേതുപോലെ വായു നിറഞ്ഞ അന്തരീക്ഷം ചന്ദ്രനിലില്ല. മറ്റു തടസ്സങ്ങളില്ലാതെ സൂര്യപ്രകാശം ഏറ്റവും തീവ്രതയിൽ ഏൽക്കുന്നതിനാൽ അവിടെ സാധാരണനിലയിൽ തറനിരപ്പിലെ താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതാണെന്നാണു ‘ചാസ്തേ’ നൽകുന്ന സൂചന. രണ്ടു സെന്റിമീറ്റർ ആഴത്തിലേക്കു കുഴിച്ചാൽ താപനില 40 ഡ‍ിഗ്രി സെൽഷ്യസാകും. 

ഏകദേശം 7 സെന്റിമീറ്റർ താഴ്ചയിൽ താപനില പൂജ്യമാണ്. ഇത് 8 സെന്റിമീറ്റർ വരെ താഴുമ്പോൾ താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസായി കുറയുന്നു. വെള്ളം ഐസ് ആകുന്നതിനെക്കാൾ താഴ്ന്ന താപനിലയാണിത്.

അന്തരീക്ഷം ഇല്ലാത്തതിനാൽ ചന്ദ്രോപരിതലത്തിലെ താപനില പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുമെന്നാണ് ഈ പഠനം തെളിയിക്കുന്നതെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃ‍ഷ്ണൻ നായർ പറഞ്ഞു. ‘ചാസ്തേ’യിൽ 10 വ്യത്യസ്ത താപനില സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇവയാണ് താപനില അളന്നു റിപ്പോർട്ട് ചെയ്യുന്നത്. 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ഉപരിതല താപനില വ്യതിയാനത്തെക്കുറിച്ചു ശാസ്ത്രസമൂഹത്തിനു ലഭിക്കുന്ന ആദ്യ വിവരമാണിതെന്ന് ഐഎസ്ആർഒ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം) വ്യക്തമാക്കി.

 

 

14 ദിവസം കഴിഞ്ഞും പ്രതീക്ഷ

ആദ്യ 14 ദിവസത്തെ ദൗത്യം കഴിഞ്ഞുള്ള രണ്ടാഴ്ച ചന്ദ്രനിൽ ഇരുട്ടായിരിക്കും. അപ്പോൾ തണുപ്പ് മൈനസ് 180 ഡിഗ്രിയിലും താഴെയാകും. ആ സമയം ലാൻഡറിനെയും റോവറിനെയും സ്ലീപ് മോഡിലാക്കാൻ ലാൻഡറിലെ ഓൺബോർഡ് കംപ്യൂട്ടറിനു നിർദേശം നൽകിയിട്ടുണ്ട്. സ്ലീപ്പിങ് സർക്യൂട്ട് എന്നാണു അതിനുപേര്. ഈ തണുപ്പിൽ ബാറ്ററിയും സർക്യൂട്ടുകളും തകർന്നുപോകുന്നില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും സൂര്യപ്രകാശം ലഭിച്ചുതുടങ്ങുമ്പോൾ കംപ്യൂട്ടർ സ്വയം ഓൺ ആയി 14 ദിവസം കൂടി പ്രവർത്തിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ചന്ദ്രനിലെ നിഴൽ വളരെ ഇരുണ്ടതാണ്. ചിത്രങ്ങൾക്കു വ്യക്തതയില്ലാത്തതിനാൽ റോവറിന്റെ ദിശ തിരിച്ചു വെളിച്ചം കിട്ടുന്ന ഭാഗം ക്രമീകരിച്ച് ചിത്രങ്ങളെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Latest findings of Chandrayaan 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com