ADVERTISEMENT

ന്യൂഡൽഹി ∙ വർഗീയ സംഘർഷാവസ്ഥയുള്ള ഹരിയാനയിലെ നൂഹിൽ ഇന്നലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്താനിരുന്ന ശോഭായാത്ര അധികൃതർ അനുവദിച്ചില്ല. നേതാക്കളെ വീട്ടുതടങ്കലിലാക്കിയ പൊലീസ് അതിർത്തിയിൽ പലരുടെയും യാത്ര തടഞ്ഞു. അതേസമയം, പ്രദേശത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാനും അഭിഷേകം നടത്താനും സന്യാസിമാരെയും വിശ്വാസികളെയും അനുവദിച്ചു. 

കഴിഞ്ഞ മാസം 31നും വിഎച്ച്പിയുടെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര തടഞ്ഞിരുന്നു. ഈ യാത്ര ഇന്നലെ നടത്തുമെന്നാണു സംഘടനകൾ പ്രഖ്യാപിച്ചിരുന്നത്. പ്രദേശത്തു കനത്ത സുരക്ഷയൊരുക്കിയ അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റും തടഞ്ഞു. 

ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച എന്ന നിലയിലാണു ശോഭായാത്ര തീരുമാനിച്ചത്. നൂഹിലെ നൽഗർ ക്ഷേത്രത്തിൽ ഉൾപ്പെടെ പൊലീസ് സുരക്ഷയിലാണു അഭിഷേകച്ചടങ്ങുകൾ പൂർത്തിയാക്കിയത്. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ സായുധ–അർധസൈനിക വിഭാഗം കാവൽനിന്നു. ഇതിനിടെ സുരക്ഷയ്ക്കെത്തിയ പൊലീസ് സബ് ഇൻസ്പെക്ടർ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. ബഡ്കാലി ചൗക്കിൽ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന ഹക്മുദ്ദീനാണു (47) മരിച്ചത്. 

അതേസമയം, മു‌സ്‌ലിംകൾ നാടുവിടണമെന്നും അല്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ ഗുരുഗ്രാമിലെ ചേരിപ്രദേശത്തു ഞായറാഴ്ച പ്രത്യക്ഷപ്പെട്ടു. ജനങ്ങളിൽ ആശങ്കയുണ്ടാക്കാൻ പ്രദേശവാസിയായ ഒരാളാണ് ചില സംഘടനകളുടെ പേരിൽ പോസ്റ്റർ പതിപ്പിച്ചതെന്ന് പൊലീസിനു ലഭിച്ച പരാതിയിൽ പറയുന്നു. 

English Summary: Police blocks Haryana Nuh shobha yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com