ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്തെ മറ്റ് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെയും പങ്കാളികളാക്കുന്ന ദൗത്യം ​എന്ന സവിശേഷത കൂടി ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1നുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. മുൻപ് ഐഎസ്ആർഒ നടത്തുന്ന ദൗത്യങ്ങളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ചു മറ്റു ശാസ്ത്ര സ്ഥാപനങ്ങൾ പഠനം നടത്തുകയായിരുന്നു പതിവെങ്കിൽ ഇത്തവണ 2 പഠനോപകരണങ്ങൾ (പേലോഡ്) തയാറാക്കിയത് ഐഎസ്ആർഒയ്ക്കു പുറത്തുള്ള സ്ഥാപനങ്ങളാണെന്നു സോമനാഥ് വെളിപ്പെടുത്തി. ഇന്ത്യയുടെ അഭിമാന പദ്ധതികളായ ചന്ദ്രയാൻ 3, ആദിത്യ എൽ1 എന്നീ ദൗത്യങ്ങൾക്കു ശേഷം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്:

∙ ആദിത്യ എൽ1 വിക്ഷേപണത്തിന്റെ 
വിജയം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്കു നൽകുന്ന പ്രതീക്ഷകൾ 
എന്തൊക്കെയാണ്?

ആദിത്യ എൽ1 ബഹിരാകാശ ദൗത്യം എന്നതിനെക്കാൾ പ്രധാനപ്പെട്ട ശാസ്ത്ര ദൗത്യമാണ്. ആ രീതിയിലാണ് അതിന്റെ പ്രാധാന്യം വിലയിരുത്തേണ്ടത്. ഇത്രയും കാലം ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണു നമ്മൾ വിക്ഷേപിച്ചിരുന്നത്. പിന്നീടു ചന്ദ്രനിലേക്ക് ഉപഗ്രഹം വിക്ഷേപിച്ചു. ഇപ്പോൾ ആദ്യമായാണ് അതിൽനിന്നു വ്യത്യസ്തമായി ലെഗ്രാഞ്ച് പോയിന്റിലേക്ക് (എൽ1) ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായെങ്കിലും അത് ആ പോയിന്റിൽ കൃത്യമായി എത്തി ഭ്രമണപഥം കണ്ടെത്തിയാലേ ദൗത്യം വിജയമായെന്നു പറയാനാകൂ. 2024 ജനുവരി ആദ്യവാരം ആ പോയിന്റിലേക്ക് ആദിത്യ എൽ1 എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഈ ദൗത്യത്തിലെ 7 പേലോഡുകളും ഒന്നിനൊന്നു പകരം വയ്ക്കാനാകാത്ത വിധം പ്രവർത്തിക്കുന്നവയാണ്. ഒരേ കാര്യങ്ങൾ തന്നെ വ്യത്യസ്ത രീതിയിൽ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഇവയുടെ ദൗത്യം.

∙ചന്ദ്രയാൻ 3 ദൗത്യം അവസാന ദിവസത്തേക്ക് എത്തുമ്പോൾ എത്രത്തോളം വിജയമായെന്നാണു വിലയിരുത്തുന്നത്?

ചന്ദ്രയാൻ 3 ഇതുവരെ കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. അതിൽ നിന്നുള്ള ഡേറ്റ പല രീതിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. അവയെ കൃത്യമായി വിലയിരുത്തിയാൽ മാത്രമേ ശരിയായ വിവരങ്ങൾ കണ്ടെത്താൻ കഴിയൂ. അതു വരും ദിവസങ്ങളിൽ പുറത്തുവിടും. ഇന്നു ചന്ദ്രനിൽ സൂര്യാസ്തമയം നടക്കും. അതിനു മുൻപ് അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപ്പിങ് (ഉറക്കം) മോഡിലേക്കു മാറ്റണം. 14 ദിവസത്തിനു ശേഷം അടുത്ത സൂര്യോദയത്തിൽ സോളർ പാനലുകൾ കൃത്യമായി പ്രവർത്തിച്ച് റോവറും ലാൻഡറും ഉറക്കമുണർന്നു വീണ്ടും പഠനം തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

∙ ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങൾ എന്തൊക്കെയാണ്?

നാസയുമായി ചേർന്നുള്ള നിസാർ (നാസ–ഇസ്റോ സിന്തറ്റിക് അപ്പാർച്ചർ റഡാർ) വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയിൽ ആ വിക്ഷേപണം നടക്കും. ജപ്പാനുമായി ചേർന്നുള്ള ലുപെക്സ് ദൗത്യത്തിന് അനുമതിയായിട്ടില്ല. അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു. ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ശുക്രനിലെത്തി ലാൻഡ് ചെയ്യണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയാറാക്കുന്നുണ്ട്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവയും ചർച്ചയിലുണ്ട്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

English Summary : After Aditya L1 launch next target is Venus says S. Somnath 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com