ADVERTISEMENT

പിഎസ്എൽവി വിക്ഷേപണത്തറയിൽ നിന്ന് ലിഫ്റ്റ് ഓഫ് ചെയ്യുന്ന‌ത് ഖരഇന്ധനമുള്ള മോട്ടർ ഉപയോഗിച്ചാണ്. രണ്ടാം ഘട്ടം ലിക്വിഡ് എൻജിൻ (പിഎസ്2) എന്നു പറയും. 42 ടൺ ശേഷിയുണ്ടിതിന്. ഇതു വികസിപ്പിച്ചു നൽകിയതിൽ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന് (എൽപിഎസി) നിർണായകമായ പങ്കുണ്ട്.

പിഎസ്എൽവിയുടെ നാലാംഘട്ടം ലിക്വിഡ് സ്റ്റേജും എൽപിഎസ്‌സി വികസിപ്പിച്ചു. ആദിത്യ പോലുള്ള സങ്കീർണമായ ദൗത്യം കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഈ നാലാംഘട്ടം 2 തവണ പ്രവർത്തിപ്പിച്ചു. മണിക്കൂറിൽ 33,950 കിലോമീറ്ററിലധികം വേഗം ദൗത്യം കൈവരിക്കാൻ ഇതാണു വഴിയൊരുക്കിയത്. ദൗത്യത്തിലെ നിർണായകമായ ഘട്ടമായിരുന്നു ഇത്. ആദ്യഘട്ടത്തിലുള്ള സോളിഡ് മോട്ടർ നിയന്ത്രിക്കാനുള്ള കൺട്രോൾ സംവിധാനവും നൽകി.

വിക്ഷേപണശേഷം ദൗത്യത്തെ വിവിധ ഭൗമഭ്രമണപഥങ്ങളിലേക്ക് ഉയർത്തി പിന്നീട് എൽ1 ബിന്ദുവിലെ സാങ്കൽപിക ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത് നിയന്ത്രിക്കാനുള്ള ദ്രവ പ്രൊപ്പൽഷൻ എൻജിൻ (ലാം എൻജിൻ) എൽപിഎസ്‌സിയാണ് വികസിപ്പിച്ചത്. ഇത്തരം എൻജിനുകൾ മംഗൾയാനിലും ചന്ദ്രയാൻ 3 ലും വിജയിച്ചിരുന്നു. ആദിത്യ ദൗത്യവിക്ഷേപണത്തിനു ശേഷം ഉറക്കത്തിലേക്കു കടക്കുന്ന ലാം എൻജിൻ പിന്നീട് 4 മാസം നീണ്ട യാത്രയുടെ അവസാനമായിരിക്കും ഉണരുക. ഇതു റീസ്റ്റാർട്ട് ചെയ്യുകയെന്നതാകും ഐഎസ്ആർഒയുടെ മുന്നിലെ  വെല്ലുവിളി. ആദിത്യയിലെ 22 ന്യൂട്ടൻ എൻജിനുകളിൽ 8 എണ്ണവും 10 ന്യൂട്ടൻ എൻജിനുകളിൽ 4 എണ്ണവും നൽകിയത് എൽപിഎസ്‌സിയാണ്

ചന്ദ്രയാൻ 3 ദൗത്യത്തിലും എൽപിഎസ്‌സി സംഭാവനകൾ നൽകി. 3900 കിലോ ഭാരമുള്ളതായിരുന്നു ചന്ദ്രയാൻ 3. ഇതിൽ ലാൻഡർ–റോവർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയുണ്ടായിരുന്നു. എൽവിഎം ത്രീ റോക്കറ്റ് ആണ് കൊണ്ടുപോയത്. ഇതിൽ 115 ടൺ ഇന്ധനമുള്ള ദ്രവ കോർ എൻജിനുണ്ട്. ഇന്ത്യ ഇതുവരെ വികസിപ്പിച്ച ഏറ്റവും വലിയ ലിക്വിഡ‍് കോർ സ്റ്റേജ് എൻജിനായ ഇതു യാഥാർഥ്യമാക്കിയത് എൽപിഎസിയാണ്.

ഇതിലെ ഏറ്റവുമുയർന്ന സ്റ്റേജായ ക്രയോജനിക് എൻജിൻ വികസിപ്പിച്ചെടുത്തതും എൽപിഎസ്‌സിയാണ്.  

നിയന്ത്രണ സംവിധാനങ്ങളും സ്ഥാപനം നൽകി. ചന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുന്നതു വരെ ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂളിനെ വഹിച്ചത് പ്രൊപ്പൽഷൻ മൊഡ്യൂളാണ്. ഇത് വികസിപ്പിച്ച് ദൗത്യത്തിനു നൽകിയത് എൽപിഎസ്‌സിയാണ്. വളരെ കൃത്യമായ പ്രവർത്തനം വേണ്ടതായിരുന്നു ഈ മൊഡ്യൂൾ. എന്തെങ്കിലും പിഴവ് പറ്റിയാൽ ദൗത്യം പരാജയപ്പെട്ടേനെ.

ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു മുൻപ് ചന്ദ്രയാൻ 3 ലാൻഡ‍ർ മൊഡ്യൂൾ വേഗം കുറച്ച് സുരക്ഷിതമായി താഴെയിറക്കാനുള്ള സംവിധാനങ്ങൾ (ലാൻഡർ പ്രൊപ്പൽഷൻ സിസ്റ്റം) വികസിപ്പിച്ചതും എൽപിഎസ്‌സിയാണ്. വളരെ നിർണായകമായ ദൗത്യമായിരുന്നു ഇത്.

(ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടറാണ് ലേഖകൻ)

Content Highlight : Aditya-L1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com