ADVERTISEMENT

ന്യൂഡൽഹി ∙ വ്യക്തികൾക്കും മതചിഹ്നങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും നേരെയുള്ള മതവിദ്വേഷപരമായ നടപടികളെ ശക്തമായി അപലപിക്കുന്നുവെന്ന് ന്യൂഡൽഹി പ്രഖ്യാപനത്തിൽ ജി20 രാജ്യങ്ങൾ വ്യക്തമാക്കി. 

മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതവും പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. 

എല്ലാത്തരം അസഹിഷ്ണുതകൾക്കും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കുമെതിരെ പോരാടാൻ ഈ അവകാശങ്ങൾക്കു സാധിക്കും. മതപരവും സാംസ്കാരികവുമായ വൈവിധ്യം, സംവാദം, സഹിഷ്ണുത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച പ്രമേയം കണക്കിലെടുക്കുന്നതായും പ്രഖ്യാപനത്തിൽ പറഞ്ഞു.

‘മത്സ്യബന്ധന സബ്സിഡി തുടരേണ്ടതില്ല’

ന്യൂഡൽഹി ∙ മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ നിർത്തലാക്കാൻ ലോക വ്യാപാര സംഘടനയെടുത്ത (ഡബ്ല്യുടിഒ) തീരുമാനം നടപ്പാക്കാനുള്ള പ്രതിബദ്ധത ജി20 വ്യക്തമാക്കി. ഡബ്ല്യുടിഒയുടെ തീരുമാനത്തിന് അംഗീകാരം നൽകാൻ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും തയാറാകാത്ത സ്ഥിതിയിലും ന്യൂഡൽഹി പ്രഖ്യാപനത്തിൽ ഈ പരാമർശമുണ്ടായത് ഇന്ത്യയുടെ നിലപാടു മാറ്റത്തിന്റെ സൂചനയാണോയെന്നു വ്യക്തമല്ല. 

മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ 2 വർഷം കഴിഞ്ഞാൽ നിർത്തലാക്കണമെന്നാണു കഴിഞ്ഞ വർഷം ജൂണിൽ ഡബ്ല്യുടിഒ തീരുമാനിച്ചത്. ചെറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കു തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അന്നു തള്ളിയിരുന്നു. 200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധനം നടത്തുന്നവർക്ക് 2 വർഷത്തേക്കൂടി സബ്സിഡി തുടരാമെന്നതു മാത്രമാണ് ഇന്ത്യയ്ക്ക് അന്നു ലഭിച്ച ആനുകൂല്യം.

നിയമവിരുദ്ധവും അനിയന്ത്രിതവും കണക്കിൽപെടുത്താത്തതുമായ മീൻപിടിത്തവും മത്സ്യസമ്പത്തിന്റെ അമിത ചൂഷണവും തടയാനെന്നോണമാണ് സബ്സിഡികൾ നിർത്തലാക്കുന്നത്. എന്നാൽ, ഇത് ചെറുകിട മത്സ്യബന്ധന മേഖലയ്ക്ക് ആഘാതമാകുമെന്ന വിലയിരുത്തലാണ് ഇന്ത്യയ്ക്കുള്ളത്. ഡബ്ല്യുടിഒയുടെ വ്യവസ്ഥയനുസരിച്ച് തീരുമാനം പ്രാബല്യത്തിൽ വരണമെങ്കിൽ അംഗങ്ങളിൽ മൂന്നിൽ രണ്ടു പേർ ആഭ്യന്തരമായി അംഗീകാരം നൽകണം. 164 അംഗങ്ങളിൽ ഇതുവരെ യുഎസും ചൈനയും കാനഡയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ17 അംഗങ്ങൾ മാത്രമാണ് തീരുമാനം അംഗീകരിച്ചിട്ടുള്ളത്. തീരുമാനത്തിന് അംഗീകാരം നൽകരുതെന്ന് വിവിധ സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിദേശികൾക്കുള്ള യുപിഐ സംവിധാനം തുടരും

ന്യൂഡൽഹി ∙ വിദേശികൾക്ക് ഇന്ത്യയിൽ യുപിഐ വഴി പണമയയ്ക്കാനുള്ള ‘യുപിഐ വൺവേൾഡ്’ സൗകര്യം സ്ഥിരം സംവിധാനമാകുന്നു. ജി20യുടെ ഭാഗമായി ആരംഭിച്ച സേവനം വിദേശികളായ ആർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും. എട്ടിലേറെ വിമാനത്താവളങ്ങളിൽ നിലവിൽ സേവനം ലഭ്യമാണ്.

വിദേശികൾ നിലവിൽ അവരുടെ കൈവശമുള്ള വിദേശ കറൻസി നൽകി പകരം വാങ്ങിയ രൂപയോ കാർഡുകളോ ഉപയോഗിച്ചാണ് ഇന്ത്യയിൽ പണമിടപാട് നടത്തുന്നത്. എന്നാൽ, മേലിൽ ഇന്ത്യയിൽ വിമാനമിറങ്ങുമ്പോൾത്തന്നെ യുപിഐ ഉപയോഗിക്കാം. വോലറ്റ് ആയിട്ടാകും ഇവരുടെ ഫോണുകളിൽ യുപിഐ പ്രവർത്തിക്കുക. പാസ്‍പോർട്ടും വീസയും നൽകി കെവൈസി നടപടി പൂർത്തിയാക്കുകയാണ് ആദ്യ നടപടി. തുടർന്ന് വിദേശ കറൻസിയോ കാർഡോ നൽകിയാൽ തുല്യ തുക യുപിഐ വോലറ്റിൽ കിട്ടും. ചെറിയ കടകളിൽ പോലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം.

ജി20 ഉച്ചകോടിക്കായി എത്തിയ വിദേശപ്രതിനിധികൾക്ക് റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായി ഇ–റുപ്പി (സിബിഡിസി) ഫോണിൽ ഉപയോഗിക്കാനും അവസരം നൽകി. ഇതിനായി കനറാ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ പ്രത്യേക ആപ്പുകളും പുറത്തിറക്കി. 2,000 രൂപയുടെ കോംപ്ലിമെന്ററി ഇ–റുപ്പി വൗച്ചറാണ് കനറാ ബാങ്ക് പ്രതിനിധികൾക്കു നൽകിയത്. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടുനടക്കാവുന്ന കറൻസിയാണ് ഇ–റുപ്പി. പരീക്ഷണാടിസ്ഥാനത്തിൽ 15 ലക്ഷത്തോളം പേർ ഇ–റുപ്പി ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്.

നേത്രാവരണം ധരിച്ച് ജർമൻ ചാൻസലർ

ന്യൂഡൽഹി ∙ നേത്രാവരണം (ഐ പാച്ച്) കൊണ്ട് ഒരു കണ്ണു മറച്ച് ജി20 വേദിയിലെത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ശ്രദ്ധാകേന്ദ്രമായി. കഴിഞ്ഞ ഞായറാഴ്ച ജോഗിങ്ങിനിടെ കണ്ണിനു പരുക്കേറ്റതിനെത്തുടർന്നാണ് ഷോൾസ് (65) ഐ പാച്ച് ധരിച്ചെത്തിയത്. പരുക്കുകൾ സാരമുള്ളതല്ല. ഐ പാച്ച് ധരിച്ച ചിത്രം കഴിഞ്ഞ ദിവസം ഷോൾസ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.

Content Highlight : G20 Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com