ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ സംസ്ഥാന പൊലീസും കേന്ദ്ര സുരക്ഷാ സേനകളും ഏത് നിമിഷവും പരസ്പരം വെടിവയ്ക്കും എന്ന സാഹചര്യം ഉടലെടുത്തു. കഴിഞ്ഞ ദിവസം പലേലിൽ മണിപ്പുർ കമാൻഡോകൾ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് തലനാരിഴയ്ക്കാണ് ഒഴിവായത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. തങ്ങളുടെ ഗ്രാമങ്ങൾക്കു നേരെ വെടിവയ്പ് നടത്തിയ മെയ്തെയ് സായുധ ഗ്രൂപ്പുകൾക്കൊപ്പം മണിപ്പുർ കമാൻഡോകളും ഉണ്ടായിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. അസം റൈഫിൾസും ബിഎസ്എഫും ആണ് മെയ്തെയ് സായുധ ഗ്രൂപ്പുകളെ തുരത്തിയത്.

ഇന്ത്യ- മ്യാൻമർ അതിർത്തി ജില്ലയായ തെഗ്നോപാലിന്റെ പ്രവേശനത്തിലുള്ള പലേലിൽ ആണ് മെയ്തെയ് തീവ്രസംഘടനകൾ കുക്കി ഗ്രാമങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടതും അനവധി പേർ കൊല്ലപ്പെട്ടതും. പട്ടാളവേഷത്തിലെത്തിയ നിരോധിത ഒളി സംഘടനകളിലെ അംഗങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് ആരോപണം.  ഇവർക്കൊപ്പം മണിപ്പുർ കമാൻഡോകളും ഉണ്ടായിരുന്നതായാണ് ആക്ഷേപം. നേരത്തേ ചുരാചന്ദ്പുർ- ബിഷ്ണുപുർ അതിർത്തിയിൽ മെയ്തെയ് സായുധ ഗ്രൂപ്പുകൾ ആക്രമണം നടത്തിയപ്പോഴും മണിപ്പുർ കമാൻഡോകളും ഒപ്പമുണ്ടായിരുന്നു. 

ഇതിനിടെ, മണിപ്പുർ കമാൻഡോയുടെ സീനിയർ എസ്പിയായി വിരമിച്ച പട്ടാള കേണലിനെ നിയമിച്ചതിനെ കുക്കി സംഘടനകൾ വിമർശിച്ചു. കുക്കികളെ ഉൻമൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അവർ പറഞ്ഞു. 2015 ൽ മ്യാൻമറിൽ തീവ്രവാദ ഗ്രൂപ്പുകളെ അമർച്ച ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ച കേണൽ (റിട്ട) നെക്ടർ സൻജേബാമിനെയാണ് അസാധാരണ ഉത്തരവിലൂടെ മണിപ്പുർ കമാൻഡോ സീനിയർ എസ്പിയായി നിയോഗിച്ചത്.

വിരമിച്ച ഉദ്യോഗസ്ഥന് പൊലീസ് സേനയുടെ ചുമതല നൽകുന്നത് പതിവുള്ളതല്ല. മെയ്തെയ് വിഭാഗക്കാരനാണ് കേണൽ നെക്ടർ. മ്യാൻമറിലെ ഇന്ത്യയുടെ തീവ്രവാദവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ നെക്ടറിന് കീർത്തിചക്ര, ശൗര്യ ചക്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അത്യാധുനിക യന്ത്രത്തോക്കുകളും കവചിത വാഹനങ്ങളുമുള്ള 2500 മണിപ്പുർ കമാൻഡോകളാണ് സംസ്ഥാനത്തുള്ളത്. കുക്കി ഗ്രാമങ്ങൾക്കു നേരെയുള്ള മണിപ്പുർ കമാൻഡോകളുടെ റെയ്ഡ് തടയുന്നത് അസം റൈഫിൾസ് ആണ്. 

സംസ്ഥാന പൊലീസിനെയും കേന്ദ്ര സുരക്ഷാ ഏജൻസികളെയും ഏകോപിപ്പിക്കുന്ന കമാൻഡ് ഫലത്തിൽ സംസ്ഥാനത്ത് നോക്കുകുത്തിയായിരിക്കുകയാണ്.

English Summary : Central Security force and police at gunpoint in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com