ADVERTISEMENT

ന്യൂഡൽഹി ∙ ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സർക്കാർ ജോലി, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ, പാസ്പോർട്ട്, ആധാർ, വോട്ടേഴ്സ് ലിസ്റ്റ് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാൻ ജനന സർട്ടിഫിക്കറ്റ് ആയിരിക്കും ഉപയോഗിക്കുക. 

ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റ ബേസ് സൃഷ്ടിക്കാനുള്ള നിയമ ഭേദഗതി ഒക്ടോബർ ഒന്നിനു പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം വിജ്ഞാപനം ചെയ്തു. 1969 ലെ ജനന–മരണ റജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയിരുന്നു. 

ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി റജിസ്ട്രേഷൻ എന്നീ വിവരശേഖരങ്ങൾ ജനന, മരണ റജിസ്ട്രേഷനുകൾ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. 

ഒരു കുട്ടി ജനിച്ചാൽ, 18–ാം വയസ്സിൽ തനിയെ വോട്ടർ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവർ വോട്ടപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. നിലവിൽ സംസ്ഥാനങ്ങളാണ് ജനന–മരണ റജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഒക്ടോബർ ഒന്നിനു ശേഷം ഈ വിവരങ്ങൾ റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റ ബേസിലേക്ക് കൈമാറണം. 

English Summary : Birth certificate becomes basic document to prove age for those born after October 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com