ADVERTISEMENT

ന്യൂഡൽഹി ∙ ആകാശപ്പോരിൽ കരുത്തുകൂട്ടാൻ 12 സുഖോയ്–30 എംകെഐ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെ ഇന്ത്യൻ സേനയ്ക്ക് 45,000 കോടി രൂപയുടെ മൂലധന സംഭരണത്തിനു പ്രാഥമികാനുമതിയായി. 9 നിർദേശങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ സമിതി അംഗീകരിച്ചു. തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിക്കുന്നവയാകും ഇത്. സേനയിലെ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് ആക്കം കൂട്ടാൻ ഇതു സഹായിക്കുമെന്നും സേനയിൽ ഉപയോഗിക്കുന്നവയിൽ കുറഞ്ഞത് 60–65% വരെ തദ്ദേശീയമാക്കാനാണു ലക്ഷ്യമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

കരസേന

∙ സേനയുടെ സംരക്ഷണം, ചലനം, ആക്രമണം, അതിജീവനം എന്നിവയ്ക്കുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള സായുധ സേനാ വാഹനങ്ങൾ, നിരീക്ഷണ റഡാർ സംവിധാനം എന്നിവ അനുമതി ലഭിച്ചവയിൽപ്പെടുന്നു. പീരങ്കികളും റഡാറുകളും സുഗമമായി എത്തിക്കാനും വിന്യസിക്കാനുമുള്ള ‘ഹൈ മൊബിലിറ്റി’ വാഹനങ്ങളും വാങ്ങും.

നാവികസേന

∙ സമുദ്രാന്തര നീക്കങ്ങൾക്കു കൂടുതൽ സഹായകരമാകുന്ന അത്യാധുനിക നിരീക്ഷണ കപ്പലുകളും വാങ്ങും.

വ്യോമസേന

∙ സൈനികനീക്കങ്ങളിൽ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനു ഡോണിയർ വിമാനങ്ങളുടെ നവീകരണം ലക്ഷ്യമിട്ടുള്ള നിർദേശങ്ങളും അംഗീകരിച്ചു. തദ്ദേശീയമായി നിർമിച്ച എഎൽഎച്ച് എംകെ 4 ഹെലികോപ്റ്ററുകൾക്കു വേണ്ടി ആകാശത്തു നിന്നു കരയിലേക്കു തൊടുക്കുന്ന ധ്രുവാസ്ത്ര മിസൈലുകളുടെ സംഭരണത്തിനും അനുമതിയായി.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്ന് അനുബന്ധ ഉപകരണങ്ങൾക്കൊപ്പം സുഖോയ് വിമാനങ്ങൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.

English Summary: 45,000 crore worth of equipment will be procured by the Army to strengthen its strength

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com