‘സിറ്റിങ് സീറ്റ് അവകാശമല്ല, സ്ഥാനാർഥികളെ കണ്ടെത്താൻ സർവേ; കോൺഗ്രസ് മോഡൽ കാട്ടി പ്രചാരണം’

HIGHLIGHTS
  • വിജയസാധ്യത അറിയാൻ മണ്ഡലങ്ങളിൽ സർവേ
  • പരമാവധി സ്ഥാനാർഥികൾ ഇക്കൊല്ലം തന്നെ
sonia-rahul
ഹൈദരാബാദിൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനു ശേഷം നടത്തിയ പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും.
SHARE

സിറ്റിങ് സീറ്റ് ആണെന്നതുകൊണ്ടുമാത്രം ലോക്സഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർക്കു വീണ്ടും സീറ്റ് ലഭിക്കണമെന്നില്ല. കേരളത്തിലടക്കം വിജയസാധ്യത മാത്രം പരിഗണിച്ചു സ്ഥാനാർഥികളെ നിശ്ചയിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. വിജയസാധ്യതയുള്ളവരെ കണ്ടെത്താൻ ഒന്നിലേറെ ഏജൻസികളെ ഉപയോഗിച്ച് മണ്ഡലങ്ങളിൽ സർവേ നടത്തും. ഇതിനു പുറമേ സംസ്ഥാന നേതൃത്വങ്ങളും സ്വന്തം നിലയിൽ സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കും. ഇതിൽനിന്ന് ഏറ്റവും മികച്ചയാളെ സ്ഥാനാർഥിയാക്കും.

കോൺഗ്രസ് മത്സരിക്കുന്ന പരമാവധി മണ്ഡലങ്ങളിൽ ഇക്കൊല്ലംതന്നെ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നു പാർട്ടി വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. അവസാനനിമിഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പതിവു വിട്ടു മാസങ്ങൾക്കു മുൻപേ പ്രചാരണക്കളത്തിലിറങ്ങാനാണു തീരുമാനം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും പ്രചാരണത്തിലും തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം നിർണായക പങ്കു വഹിക്കും. തിരഞ്ഞെടുപ്പു മേൽനോട്ടത്തിനുള്ള ദേശീയതല സമിതിയും വൈകാതെ രൂപീകരിക്കും.

തിരഞ്ഞെടുപ്പ് 6 മാസം മാത്രം അകലെയാണെന്നും വിശ്രമിക്കാൻ സമയമില്ലെന്നും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ചൂണ്ടിക്കാട്ടി. വർഷാവസാനമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടത്താൻ കേന്ദ്ര സർക്കാർ മുതിരില്ലെന്നു പ്രവർത്തകസമിതി വിലയിരുത്തി. അടുത്ത ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിനു കോൺഗ്രസ് സജ്ജമാണെന്നു വ്യക്തമാക്കി സമിതി പ്രമേയം പാസാക്കി. മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടന ഉടൻ പൂർത്തിയാക്കാൻ പിസിസി പ്രസിഡന്റുമാർക്കു ഖർഗെ നിർദേശം നൽകി.

‘ഇന്ത്യ’ മുന്നണിയിലെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിൽ പരമാവധി വിട്ടുവീഴ്ച ചെയ്യും. ആം ആദ്മി പാർട്ടിയുമായി സഹകരിക്കുന്നതിൽ പഞ്ചാബ് പിസിസി പ്രസിഡന്റ് അമരിന്ദർ സിങ് രാജ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും അവർ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണെന്നും എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ബിജെപിയെ വീഴ്ത്താനാവൂ എന്നും ഖർഗെ ചൂണ്ടിക്കാട്ടി.

‘കോൺഗ്രസ് മോഡൽ’ ചൂണ്ടിക്കാട്ടി പ്രചാരണം

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾക്കു രാജ്യത്തുടനീളം വ്യാപകപ്രചാരണം നൽകാൻ പ്രവർത്തകസമിതി തീരുമാനിച്ചു. ‘കോൺഗ്രസ് മോഡൽ ഭരണം’ എന്ന നിലയ്ക്കാകും അവതരിപ്പിക്കുക. സൗജന്യ വൈദ്യുതി, പകുതി വിലയ്ക്കു പാചകവാതക സിലിണ്ടർ, സ്ത്രീകൾക്കു സൗജന്യ ബസ്‌യാത്ര , പ്രതിമാസ വേതനം എന്നിവയടക്കം കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ ദേശീയതലത്തിൽ ഉയർത്തിക്കാട്ടും.

English Summary: Congress working committee meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS