ചെന്നൈ ∙ സൂര്യതാപത്തിന്റെ ഉൾരഹസ്യം തേടിയുള്ള രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 പേടകം നാളെ പുലർച്ചെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽനിന്നു മാറി പുതിയ ഭ്രമണപഥത്തിലേക്ക്.

പുലർച്ചെ 2നാണ് നിർദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിലേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന ട്രാൻസ് ലെഗ്രാഞ്ചിയൻ പോയിന്റ് 1 ഇൻസേർഷൻ (ടിഎൽ1) നടക്കുക. തുടർന്ന്, ക്രൂയ്സ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് എൽ1നു ചുറ്റുമുള്ള ഒരു സാങ്കൽപിക ഭ്രമണപഥത്തിൽ ആദിത്യ എത്തുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണു ലക്ഷ്യസ്ഥാനം.

ബെംഗളൂരു ഇസ്ട്രാക്ക്, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ, പോർട്ട് ബ്ലെയർ, മൊറീഷ്യസ് എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ഈ പ്രക്രിയയിൽ പങ്കാളികളാകും ആദിത്യയുടെ തുടർ ജ്വലനപ്രക്രിയകൾ (പോസ്റ്റ് ബേൺ ഓപ്പറേഷൻസ് ) ഫിജി ദ്വീപിലുള്ള ട്രാൻസ്പോർട്ടബിൾ ടെർമിനൽ പോസ്റ്റ് വഴിയാണു സാധ്യമാക്കുക.

English Summary: India's Sun Mission Aditya-L1