ബിജെപിയെ തള്ളി അണ്ണാഡിഎംകെ; പക്ഷേ, എൻഡിഎയിൽ തുടരും

AIADMK-BJP
SHARE

ചെന്നൈ ∙എൻഡിഎ സഖ്യകക്ഷികളായ അണ്ണാഡിഎംകെ–ബിജെപി ബന്ധത്തിൽ പൊട്ടിത്തെറി. തമിഴ്നാട് മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇനി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ പ്രഖ്യാപിച്ചു. എന്നാൽ, ദേശീയ തലത്തിൽ എൻഡിഎയിൽ തുടരുമെന്ന് വ്യക്തമാക്കിയ പാർട്ടി തിരഞ്ഞെടുപ്പു സഖ്യത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. 

അണ്ണാഡിഎംകെ സഖ്യം വേണ്ടെന്ന് മുൻപ് അണ്ണാമലൈ പറഞ്ഞതിനെ തുടർന്ന് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. എന്നാൽ, അണ്ണാദുരൈ ഹിന്ദുത്വത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിൽ പിന്നീട് മാപ്പു പറഞ്ഞെന്ന പരാമർശമാണ് കടുത്ത തീരുമാനമെടുക്കാൻ അണ്ണാഡിഎംകെയെ പ്രേരിപ്പിച്ചത്. സനാതന ധർമ വിവാദത്തിനു പിന്നാലെ ബിജെപി ചെന്നൈയിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പ്രസ്താവന. ചരിത്രമറിയാതെ അണ്ണാമലൈ പുലമ്പുകയാണെന്നും കാൽനടയാത്രയല്ല, പിരിവ് യാത്രയാണ് അദ്ദേഹം നടത്തുന്നതെന്നും അണ്ണാഡിഎംകെ മുൻ മന്ത്രി സി.വി.ഷൺമുഖം പരിഹസിച്ചു. എന്നാൽ, മന്ത്രിമാരാകുന്നത് പിരിവിന് വേണ്ടിയാണെന്നു കരുതുന്നവരാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അണ്ണാമലൈ തിരിച്ചടിച്ചു.

സഖ്യ കക്ഷിയായതുകൊണ്ടു മാത്രം ആരുടെയും അടിമയാകാനില്ലെന്നും അദ്ദേഹം പറഞ്ഞതോടെയാണ് അണ്ണാഡിഎംകെ നിലപാട് പാർട്ടി വക്താവ് ഡി.ജയകുമാർ വ്യക്തമാക്കിയത്. എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. അതേസമയം, ബിജെപി ദേശീയ നേതൃത്വം സമ്മർദം ചെലുത്തുന്നതോടെ ഇരു പാർട്ടികളും കൈകോർക്കുമെന്നും പാർട്ടി പ്രവർത്തകരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ഇപ്പോഴത്തേതെന്നുമുള്ള വിമർശനവും ഉയർന്നിട്ടുണ്ട്. 

English Summary: AIADMK rejects BJP; But will continue with NDA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS