പഴയമന്ദിരത്തിൽ ഒളിയമ്പുകളെയ്ത് അവസാനദിനം

Prime Minister Narendra Modi (PTI Photo)
പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo)
SHARE

ന്യൂഡൽഹി ∙ സൗഹാർദ്ദാന്തരീക്ഷത്തിലാണ് 75 വർഷത്തെ പാർലമെന്റിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നതെങ്കിലും ഇടയ്ക്ക് ഇരുപക്ഷവും ഒളിയമ്പുകളെയ്യുന്നുണ്ടായിരുന്നു. 

നരേന്ദ്രമോദി പതിവിൽനിന്നു വ്യത്യസ്തമായി നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും പ്രശംസിച്ചു. വോട്ടവകാശം 18 വയസ്സാക്കിയതിനെക്കുറിച്ചു പറഞ്ഞ അദ്ദേഹം പക്ഷേ, അതു നടപ്പാക്കിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് പരാമർശിച്ചില്ല. 

ലോക്സഭ സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങൾ പരാമർശിക്കുന്നതിനിടെ അടിയന്തരാവസ്ഥയിൽ ജനാധിപത്യം ധ്വംസിക്കപ്പെടുന്നതും പിന്നീട് ജനാധിപത്യത്തിന്റെ തിരിച്ചുവരവും കണ്ടെന്നു മോദി പറഞ്ഞു. രാഷ്ട്രീയമവസാനിപ്പിച്ചു മടങ്ങാനൊരുങ്ങിയ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി തിരിച്ചുവന്നു. വോട്ടിനു കാശു വാങ്ങുന്നതും ഈ സഭ കണ്ടുവെന്നു മൻമോഹൻസിങ്ങിന്റെ കാലത്തെ ലക്ഷ്യമിട്ട് അദ്ദേഹം ആരോപിച്ചു. 

മോദി പ്രസംഗത്തിനിടെ താൻ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റതു പരാമർശിച്ചപ്പോൾ ‘കള്ളം’ എന്ന് ചില പ്രതിപക്ഷാംഗങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. 

പിന്നീടു പ്രസംഗിച്ച കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രാജീവ് ഗാന്ധിയും മൻമോഹൻ സിങ്ങും കൊണ്ടുവന്ന സുപ്രധാന നയങ്ങൾ വിശദീകരിച്ചു. കശ്മീരിൽ വീരമൃത്യു മരിച്ചവർക്ക് അവസാന ദിനം ആദരമർപ്പിക്കേണ്ടിയിരുന്നുവെന്നും മണിപ്പുർ മറക്കരുതെന്നും അധീർ പറഞ്ഞു. 

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ടിഡിപി, വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ തമ്മിലും പ്രസംഗത്തിനിടെ ഉരസലുണ്ടായി. ചില ഭാഗങ്ങൾ പിന്നീടു നീക്കം ചെയ്തു. 

∙ ‘റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ദരിദ്രബാലന് പാർലമെന്റിൽ അംഗമാകാനും രാജ്യത്തിന്റെ പ്രധാനമന്ത്രിപഥത്തിലെത്താനും കഴിഞ്ഞു. അതാണ് ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ മഹത്വം.’ – പ്രധാനമന്ത്രി നരേന്ദ്രമോദി 

English Summary : Last day meeting in old parliament building

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS