മഹാരാഷ്ട്ര: അയോഗ്യത തീരുമാനിക്കാത്ത സ്പീക്കർക്ക് അന്ത്യശാസനം
Mail This Article
ന്യൂഡൽഹി ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ ശിവസേന വിമത എംഎൽഎമാരുടെ അയോഗ്യതയിൽ തീരുമാനമെടുക്കാത്ത നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കോടതി വിധിയുടെ മാന്യത കാത്തുസൂക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സ്പീക്കർ ഇതുവരെ എന്തെടുക്കുകയായിരുന്നെന്നും ചോദിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ വിഷയം വീണ്ടും പരിശോധിക്കുമെന്നു വ്യക്തമാക്കിയ കോടതി സ്പീക്കർക്ക് അന്ത്യശാസനവും നൽകി. സമയപരിധി നൽകിയില്ലെങ്കിലും കോടതി ഉത്തരവിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സ്പീക്കർക്കുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സ്കൂൾ കുട്ടിയെ പോലെ സ്പീക്കറോടു പെരുമാറരുതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ഷിൻഡെയ്ക്കൊപ്പം ശിവസേന വിട്ട് ബിജെപിക്കൊപ്പം സർക്കാരിൽ പങ്കാളികളായ 16 എംഎൽഎമാരുടെ അയോഗ്യതയിൽ സ്പീക്കർ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഉത്തരവിട്ടത്. എന്നാൽ വിധി വന്ന് 4 മാസമായിട്ടും തീരുമാനം വൈകുന്നതു ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ പക്ഷം കോടതിയെ സമീപിക്കുകയായിരുന്നു. ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാരുടെ വിഷയമാണ് പ്രധാന ഹർജിയെങ്കിലും ഇരുവിഭാഗത്തിലെയും എംഎൽഎമാരുടെ അയോഗ്യത ആവശ്യപ്പെടുന്ന 34 ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ട്.
നാലു മാസത്തിനിടെ കാര്യമായ നടപടികൾ എടുക്കാതിരുന്ന സ്പീക്കർ കഴിഞ്ഞയാഴ്ചയാണ് ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെ ഭാഗം ആദ്യമായി കേട്ടത്. വിശദമായ വാദം കേൾക്കലിനായി വീണ്ടും നീട്ടിവച്ചതിനിടെയാണ് സുപ്രീം കോടതി ഇടപെടൽ. 2024 ഒക്ടോബറിനകം നിയമസഭയുടെ കാലാവധി തീരും എന്നതിനാലും തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ സാധ്യതയുള്ളതിനാലും അയോഗ്യതാ തീരുമാനം അനിശ്ചിതമായി വൈകുന്നതിൽ ഉദ്ധവ് പക്ഷം അസ്വസ്ഥരാണ്. ബിജെപി പ്രതിനിധിയായ സ്പീക്കർ തീരുമാനം മനഃപൂർവം വൈകിക്കുകയാണെന്നും ആരോപണമുണ്ട്.
English Summary: Maharashtra: ultimatum to speaker for not deciding on disqualification