ന്യൂഡൽഹി ∙ പഴയ പാർലമെന്റ് മന്ദിരത്തിന് ഭരണഘടനാമന്ദിരം (സംവിധാൻ സദൻ) എന്ന പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സെൻട്രൽ ഹാളിൽ ലോക്സഭയുടെയും രാജ്യസഭയുടെയും അവസാനത്തെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. 2047ൽ വികസിത ഭാരതമെന്ന വിഷയത്തിലായിരുന്നു സമ്മേളനം.

രാജ്യത്തിന്റെ ഭരണഘടന തയാറാക്കിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി നടന്നത് ഈ ഹാളിലാണ്. അതിനാൽ ഇനി മുതൽ ആ പേരിൽ മന്ദിരം അറിയപ്പെടുമെന്നു മോദി വ്യക്തമാക്കി. 

പുതിയ മന്ദിരത്തിലേക്കു മാറുന്നതിനു മുന്നോടിയായാണു സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം സംഘടിപ്പിച്ചത്. രാവിലെ ഇരുസഭകളിലെയും അംഗങ്ങളുടെ ഫോട്ടോ സെഷനും സെൻട്രൽ ഹാളിന്റെ മുറ്റത്തുണ്ടായിരുന്നു. 

പുതിയ ഭാവിക്കു തുടക്കം കുറിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതമെന്ന സങ്കൽപത്തിനു വേണ്ടി സർവാത്മനാ പ്രവർത്തിക്കാനാണു പുതിയ മന്ദിരത്തിലേക്കു പോകുന്നത്. 70 വർഷത്തിനിടെ 4000 പുതിയ നിയമങ്ങൾ പഴയ മന്ദിരത്തിൽ പാസാക്കി. തന്റെ ഭരണ നേട്ടങ്ങൾ ആവർത്തിച്ച പ്രധാനമന്ത്രി ഇതാണ് ശരിയായ സമയമെന്നു ചെങ്കോട്ടയ്ക്കു മുകളിൽ നിന്നു താൻ പ്രസംഗിച്ചതും അനുസ്മരിച്ചു.  

ചെറിയ കാര്യങ്ങളിൽ ചുറ്റിത്തിരിയാതെ ആത്മനിർഭര ഭാരതം യാഥാർഥ്യമാക്കണമെന്നും മോദി പറഞ്ഞു. ചിലർ ആശങ്കപ്പെട്ടിരുന്നെങ്കിലും ലോകം മുഴുവൻ ഇന്ന് ആത്മനിർഭര ഭാരതം ചർച്ച ചെയ്യുകയാണ്. ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഏറ്റവും മികച്ചത് ലോകത്തിനു നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

വികസിതഭാരതത്തെക്കുറിച്ചു പറയുമ്പോൾ മാനുഷിക വികസന സൂചികകളിൽ ഇന്ത്യ പിന്നാക്കം പോകുന്നതും കാണണമെന്നു ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഓർമിപ്പിച്ചു. ഇന്ത്യയിലെ സമ്പന്നരായ 10 ശതമാനത്തിന്റെ കയ്യിലാണ് സമ്പത്ത് ഏറെയും. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണം. 

ഭരണഘടനയെ മറന്നു കൊണ്ടുള്ള ഒരു കുതിപ്പിനും അടിസ്ഥാനമില്ലെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. ജവാഹർലാൽ നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടന്ന സെൻട്രൽ ഹാളിനെ മറക്കാനാവില്ല. 

നിലവിലെ അംഗങ്ങളിൽ കൂടുതൽ കാലം എംപി സ്ഥാനം വഹിച്ച ബിജെപിയുടെ മേനക ഗാന്ധിയുടെ പ്രസംഗത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 35 വർഷത്തിലേറെ നീണ്ട ലോക്സഭാ പരിചയം വിവരിച്ച മേനക ഗാന്ധി പ്രസംഗത്തിനിടെ നരേന്ദ്രമോദിയെയും സർക്കാരിനെയും അഭിനന്ദിക്കുകയും ചെയ്തു. 

ലോക്സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഉപാധ്യക്ഷൻ ജഗ്ദീപ് ധൻകർ, രാജ്യസഭാ നേതാവ് പീയൂഷ് ഗോയൽ എന്നിവരും പ്രസംഗിച്ചു.

English Summary: Old Parliament renamed