ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യദിനം രാജ്യസഭയിൽ ഭരണ – പ്രതിപക്ഷ കക്ഷികൾ പോരടിച്ചു. പുതിയ മന്ദിരത്തിൽ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയുടെ കന്നിപ്രസംഗം ബഹളത്തെത്തുടർന്നു പലകുറി തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ശേഷമായിരുന്നു ഖർഗെയുടെ പ്രസംഗം. വനിതാസംവരണ ബില്ലിന്റെ ചരിത്രം പറഞ്ഞപ്പോൾ കോൺഗ്രസിനെ മോദി പരാമർശിക്കാത്തതു ചൂണ്ടിക്കാട്ടി ഖർഗെ പറഞ്ഞു: ‘എനിക്കു പ്രധാനമന്ത്രിയെ ഒരു കാര്യം ഓർമിപ്പിക്കാനുണ്ട്: ഈ ബിൽ 2010ൽ യുപിഎ സർക്കാരാണ് ആദ്യം രാജ്യസഭയിൽ പാസാക്കിയത്’.

കരുത്തരല്ലാത്ത വനിതകൾക്കാണ് എല്ലാ പാർട്ടികളും സീറ്റ് നൽകുന്നതെന്നു പിന്നാലെ ഖർഗെ പറഞ്ഞതു ഭരണപക്ഷത്തെ ചൊടിപ്പിച്ചു. എല്ലാ പാർട്ടികളെയും ചേർത്ത് ഖർഗെ നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വാക്കുതർക്കം മുറുകിയതോടെ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ ഇടപെട്ടു സ്ഥിതി ശാന്തമാക്കി.

മോദിയുടെ ഭരണകാലത്തു കേന്ദ്ര–സംസ്ഥാന ബന്ധം ദിനംപ്രതി വഷളാകുകയാണെന്നു ഖർഗെ വിമർശിച്ചു. പുതിയ മന്ദിരത്തിലെ ആദ്യദിനം നടത്തിയ പ്രസംഗത്തിൽ മോദി രാഷ്ട്രീയം പറഞ്ഞില്ലെന്നും അതേ മാന്യത പ്രതിപക്ഷനേതാവും കാട്ടണമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞെങ്കിലും ഖർഗെ വിമർശനം തുടർന്നു: ‘മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, മണിപ്പുർ എന്നിവിടങ്ങളിലെ സർക്കാരുകളെ നിങ്ങൾ വീഴ്ത്തി. പ്രധാനമന്ത്രി ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നു. പക്ഷേ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ അട്ടിമറിക്കപ്പെടുകയാണ്. മോദി പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിലും ലോക്സഭയിലും രാജ്യസഭയിലും പ്രസംഗിച്ചു. പക്ഷേ, മണിപ്പുരിനെക്കുറിച്ച് ഒരു വാക്കു പോലും മിണ്ടിയില്ല’. ഖർഗെയുടെ പ്രസംഗത്തിനുപിന്നാലെ സഭ ഇന്നത്തേക്കു പിരിഞ്ഞു.

ലോക്സഭയിലും തുടക്കം ബഹളമയം

ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽത്തന്നെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. ചരിത്രപരമായ നീക്കമെന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിന്റെ കോപ്പി കിട്ടിയില്ലെന്നതായിരുന്നു ഒരു കാരണം. ആദ്യദിനം തന്നെ  ബിൽ അവതരിപ്പിക്കുമെന്നത് സപ്ലിമെന്ററി ലിസ്റ്റ് വന്നപ്പോഴാണ് പ്രതിപക്ഷ എംപിമാർ അറിഞ്ഞത്. 

പുതിയ സഭയിൽ ഓരോ സീറ്റിലുമുള്ള കൺസോളിലാണു ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നതെന്നു പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാൽ അപ്പോഴും തങ്ങളുടെ സിസ്റ്റത്തിൽ അതെത്തിയിട്ടില്ലെന്നു പ്രതിപക്ഷ എംപിമാർ പറഞ്ഞു. ഡൗൺലോഡ് ആവാതെ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് എംപി മണിക്കം ടഗോർ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. 

ലോക്സഭയിൽ സ്ഥാപിച്ച ചെങ്കോൽ ബിജെപി പറയുന്നതു പോലെ അധികാരക്കൈമാറ്റത്തിന്റെ പ്രതീകമല്ലെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞപ്പോൾ മൈക്ക് ഓഫാക്കിയതിന്റെ പേരിലും ബഹളമുണ്ടായി. പിന്നീട് അധീറിനെ പ്രസംഗം മുഴുമിപ്പിക്കാൻ സ്പീക്കർ അനുവദിച്ചു. തമിഴ്നാട്ടിലെ ആചാര്യന്മാർ നെഹ്റുവിന്റെ വീട്ടിൽ കൊണ്ടു പോയി പ്രതീകാത്മകമായി കൈമാറിയതാണെന്നും ചരിത്രത്തെക്കുറിച്ചു ബോധ്യമുണ്ടാകണമെന്നും അധീർ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 19 ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന മുഖവുരയോടെ, വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരുടെ കാലത്ത് അതിനു ശ്രമമുണ്ടായെങ്കിലും അവതരിപ്പിച്ചു പാസാക്കാൻ യോഗമുണ്ടായതു തനിക്കാണെന്ന് മോദി പറഞ്ഞു. 

അധീർ രഞ്ജൻ ചൗധരി ഈ ബിൽ നേരത്തേ മൻമോഹൻ സിങ്ങിന്റെ കാലത്ത് രാജ്യസഭ പാസാക്കിയതാണെന്നും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഈ ആവശ്യമുന്നയിച്ചു മോദിക്കു കത്തെഴുതിയിട്ടുണ്ടെന്നും പറഞ്ഞപ്പോൾ ആഭ്യന്തര മന്ത്രി അമിത്ഷാ ചാടിയെഴുന്നേറ്റു. ലോക്സഭ പാസാക്കിയെന്ന് അധീർ പറയുന്നതു ശരിയല്ലെന്നും ഉണ്ടെങ്കിൽ തെളിവു മേശപ്പുറത്തു വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ എന്നു പറഞ്ഞില്ലെന്നും രാജ്യസഭ എന്നാണു പറഞ്ഞതെന്നും ടിഎംസിയിലെ കല്യാൺ ബാനർജി വിളിച്ചു പറഞ്ഞു. തുടർന്നു നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ബിൽ അവതരിപ്പിച്ചപ്പോഴാണു ബില്ലിന്റെ കോപ്പി നേരത്തേ തന്നില്ലെന്നു പ്രതിപക്ഷാംഗങ്ങൾ പറഞ്ഞത്. ‘സാങ്കേതിക വിദ്യ പഠിക്കൂ, അത് അപ്‌ലോഡു ചെയ്തിട്ടുണ്ടെന്ന്’ മേഘ്‌വാൾ പറയുന്നുണ്ടായിരുന്നു.

English Summary: Parliament Special Session Discussion