ന്യൂഡൽഹി ∙ പഴയ പാർലമെന്റ് മന്ദിരത്തിൽനിന്നു പുതിയതിലേക്കു ഭരണപക്ഷം പ്രവേശിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്. മോദിക്കുപിന്നിൽ പ്രകടനമായി ഭരണപക്ഷ എംപിമാർ ‘വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ്’ എന്നുവിളിച്ചു നീങ്ങിയപ്പോൾ പഴയ പാർലമെന്റ് മന്ദിര കവാടത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി എംപിമാർ ഒത്തുകൂടി. മന്ദിരമാറ്റത്തിന്റെ ഭാഗമായി തനിക്കു ലഭിച്ച ഭരണഘടനയുടെ പകർപ്പ് കെ.സി.വേണുഗോപാൽ കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കു നൽകി. അതു ചേർത്തുപിടിച്ച് അധീർ മുന്നിൽ നടന്നു; പിന്നാലെ പ്രതിപക്ഷ എംപിമാരും. പുതിയ മന്ദിരത്തിന്റെ പടിക്കെട്ടിൽ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു അവരുടെ പാർലമെന്റ് പ്രവേശം.

ലോക്സഭയിൽആദ്യമെത്തിയത് പ്രതിപക്ഷം

പഴയ ലോക്സഭയെ അപേക്ഷിച്ച് വിശാലമായ ഹാളിലേക്ക് പ്രതിപക്ഷ എംപിമാരാണ് ആദ്യമെത്തിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജാഥയായി എത്താനാണു കേന്ദ്ര സർക്കാർ ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രതിപക്ഷം ഒരു മുഴം മുൻപേ ചാടി.

പ്രധാനമന്ത്രിയും ബിജെപി അംഗങ്ങളും പുതിയ മന്ദിരത്തിലേക്കു കയറിയതോടെ സന്ദർശക ഗാലറിയിൽ ‘മോദി, മോദി’ വിളികളുയർന്നു. വനിതാ സംവരണ ബിൽ അവതരണം കാണാനെത്തിയ മഹിളാ മോർച്ച പ്രവർത്തകരും പ്രമുഖ വനിതകളും ഗാലറിയിൽ നിറഞ്ഞിരുന്നു. ഇതിൽ ചിലരാണു സഭാചട്ടങ്ങൾ ലംഘിച്ച് മുദ്രാവാക്യം വിളിച്ചത്. ക്ഷുഭിതരായ പ്രതിപക്ഷാംഗങ്ങൾ അവർക്കുനേരെ ആക്രോശിക്കുന്നുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി.

adhir-rahul
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കയ്യിൽ ഭരണഘടനയുമായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു നടക്കുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പിന്നിൽ.

സ്പീക്കറുടെ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ ദീർഘമായ പ്രസംഗം. ചരിത്രം കുറിക്കുന്ന വനിതാ ബിൽ അവതരിപ്പിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. പതിവുപോലെ ജി20 നേട്ടങ്ങളും മറ്റും വിവരിച്ച മോദിക്കു മറുപടി പറഞ്ഞത് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. ജി20 സംബന്ധിച്ചു കുറെക്കാലമായി കേൾക്കുന്നുവെന്നും ഇതെല്ലാം സ്ഥിരമായി കേൾക്കുന്ന പത്രക്കാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചപ്പോൾ പ്രതിപക്ഷനിരയിൽ കൂട്ടച്ചിരി. ചിരിക്കണോ വേണ്ടയോ എന്ന അവസ്ഥയിൽ ഭരണപക്ഷം. പ്രധാനമന്ത്രി പക്ഷേ, അതാസ്വദിച്ചു ചിരിച്ചു.

പിന്നീട് വനിതാ ബിൽ അവതരണം സംബന്ധിച്ച് പ്രതിപക്ഷബഹളം. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ പലർക്കും കന്റീനിലേക്കും പുറത്തേക്കുമൊക്കെയുള്ള വഴി തെറ്റി. പലരും സഭകൾക്കു മുന്നിൽനിന്നു പടമെടുത്തു. 

പുറത്തിറങ്ങിയപ്പോൾ മിക്കവർക്കും ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലായിരുന്നു: പഴയതിന്റെ ‘എന്തോ ഒരിത്’ പുതിയ സ്ഥലത്ത് കിട്ടാത്തതുപോലെ! ശീലമായാൽ മാറിക്കോളും എന്നു പലരും ആശ്വസിക്കുകയും ചെയ്തു.

English Summary: Parliament special session