‘ശാസ്ത്രജ്ഞരെ ദ്രോഹിച്ച പാരമ്പര്യം, നമ്പി നാരായണൻ ഉദാഹരണം’: കോൺഗ്രസിന് വിമർശനം
Mail This Article
ന്യൂഡൽഹി ∙ ചന്ദ്രയാൻ 3 ദൗത്യവിജയവുമായി ബന്ധപ്പെട്ടു രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ നമ്പി നാരായണൻ വിഷയമുന്നയിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ച് വൈഎസ്ആർ കോൺഗ്രസ്. രാജ്യത്തെ ശാസ്ത്രജ്ഞരെ ദ്രോഹിച്ചിട്ടുള്ള പാരമ്പര്യമാണു കോൺഗ്രസിനുള്ളതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണു നമ്പി നാരായണനെതിരായ കള്ളക്കേസെന്നും വൈഎസ്ആർ കോൺഗ്രസ് എംപി: വി.വിജയ്സായ് റെഡ്ഡി ആരോപിച്ചു. കേന്ദ്രവും കേരളവും ഭരിച്ച കോൺഗ്രസ് സർക്കാരുകൾ ഒരു തെളിവുമില്ലാതെ നമ്പി നാരായണനെ 50 ദിവസം ജയിലിലടച്ചു. ഒടുവിൽ, സുപ്രീം കോടതി ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷിച്ചതെന്നും വിജയ്സായ് റെഡ്ഡി പറഞ്ഞു.
ചന്ദ്രയാൻ 3 ദൗത്യവിജയം ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയെന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ബഹിരാകാശ മേഖലയ്ക്ക് മുൻ കോൺഗ്രസ് സർക്കാരുകൾ നൽകിയ സംഭാവനകളെക്കുറിച്ച് ഗോയൽ മൗനം പാലിച്ചത് കോൺഗ്രസ് നിരയെ ചൊടിപ്പിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം ആരംഭിച്ചത് 2014നു ശേഷമാണെന്നു ചിലയാളുകളുടെ സംസാരം കേട്ടാൽ തോന്നുമെന്നു ഗോയലിനെ ഉന്നമിട്ട് ജയറാം രമേശ് (കോൺഗ്രസ്) പരിഹസിച്ചു. ഇന്ത്യയുടെ ബഹിരാകാശ ജൈത്രയാത്ര ആരംഭിച്ചത് 1962 ൽ ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ്. ചന്ദ്രയാൻ 3 ദൗത്യവിജയം കഴിഞ്ഞ 60 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ജയറാം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ശാസ്ത്രജ്ഞരെ സഹായിക്കുന്ന രാഷ്ട്രീയ നേതൃത്വം മുൻപുണ്ടായിരുന്നില്ലെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കുറ്റപ്പെടുത്തി. റോക്കറ്റ് വിക്ഷേപണത്തിനുള്ള സാമഗ്രികൾ വിക്രം സാരാഭായിക്ക് സൈക്കിളിൽ ചുമക്കേണ്ടി വന്നിട്ടുണ്ട്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് 2014നു മുൻപ് 4 സ്‌റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 150 എണ്ണമുണ്ടെന്നും ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി.
English Summary:Chandrayan in Parliament Discussion