ADVERTISEMENT

ന്യൂഡൽഹി ∙ ശാസ്ത്ര, സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ ‘രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ’ എന്ന പേരിൽ പുനഃസംഘടിപ്പിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ‘വിജ്ഞാൻ രത്ന’ പുരസ്കാരം വർഷംതോറും 3 പേർക്കു നൽകും. വിശിഷ്ട സേവനത്തിന് ‘വിജ്ഞാൻ ശ്രീ’ (25 പേർക്ക്), മൂന്നോ അതിലധികമോ ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘങ്ങളുടെ ശാസ്ത്രസംഭാവനയ്ക്ക് ‘വിജ്ഞാൻ ടീം’ (3 ടീമുകൾക്ക്) പുരസ്കാരങ്ങളും നൽകും. 45 വയസ്സിനു താഴെയുള്ള ശാസ്ത്ര ഗവേഷകർക്കുള്ള ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരത്തിന്റെ പേര് ഇനി മുതൽ ‘വിജ്ഞാൻ യുവ–ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം’ (വിവൈ–എസ്എസ്ബി) എന്നായിരിക്കും. ഇതും 25 പേർക്കു നൽകും. ഇവ നാലുമാകും ഇന്ത്യൻ ശാസ്ത്രമേഖലയിലെ ഉന്നത ബഹുമതികൾ. എന്നാൽ, ഇവയ്ക്കൊപ്പമൊന്നും സമ്മാനത്തുകയുണ്ടാകില്ല. പ്രശസ്തിപത്രവും മെഡലും മാത്രമേയുണ്ടാകൂ. 

നിലവിലുള്ള ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡിന് 5 ലക്ഷം രൂപ സമ്മാനമുണ്ടായിരുന്നു. നാഷനൽ ടെക്നോളജി ഡവലപ്മെന്റ് ബോർഡിന്റെ പുരസ്കാരത്തിന് 25 ലക്ഷം രൂപയായിരുന്നു സമ്മാനം. ഇതടക്കം ശാസ്ത്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട മുന്നൂറോളം പുരസ്കാരങ്ങളാണ് ഇതോടെ ഇല്ലാതായേക്കും. 

പുതിയ പുരസ്കാരങ്ങൾക്കു പരിഗണിക്കുന്ന 13 മേഖലകൾ ഇവ: ഫിസിക്സ്, കെമിസ്ട്രി, ബയളോജിക്കൽ സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, എർത്ത് സയൻസ്, മെഡിസിൻ, എൻജിനീയറിങ് സയൻസസ്, അഗ്രികൾചറൽ സയൻസ്, എൻവയൺമെന്റൽ സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ, ആറ്റമിക് എനർജി, സ്പേസ് സയൻസ് ആൻഡ് ടെക്നോളജി. ഭട്നാഗർ അവാർഡിന് ഇതുവരെ 7 മേഖലകളാണു പരിഗണിച്ചിരുന്നത്. 

എല്ലാ വർഷവും ജനുവരി 14ന് അപേക്ഷ ക്ഷണിക്കും. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള ‘രാഷ്ട്രീയ വിജ്ഞാൻ പുരസ്കാര സമിതി’ നോമിനേഷനുകൾ പരിഗണിക്കും. ദേശീയ സാങ്കേതികവിദ്യാ ദിനമായ മേയ് 11നു പ്രഖ്യാപിക്കുന്ന പുരസ്കാരം ദേശീയ ബഹിരാകാശ ദിനമായ ഓഗസ്റ്റ് 23നു സമ്മാനിക്കും. 

ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരത്തിന് നോമിനേഷനുകൾ ക്ഷണിച്ചിരുന്നത് ജനുവരിയിലാണ്. എന്നാൽ ഇക്കൊല്ലത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടില്ല. 2022 ലെ പുരസ്കാരം ഒരു വർഷം വൈകി കഴിഞ്ഞദിവസമാണു പ്രഖ്യാപിച്ചത്. 

English Summary:Central Government announces New Science Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com