കരുവന്നൂർ മോഡൽ: ഒഡീഷയിൽ എംഎൽഎയെ പുറത്താക്കി
Mail This Article
ന്യൂഡൽഹി ∙ ഒഡീഷയിൽ ബാങ്ക് തട്ടിപ്പ് കേസിലുൾപ്പെട്ട എംഎൽഎയെ ബിജെഡി പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി നവീൻ പട്നായിക് പാർട്ടിയിൽ നിന്നു പുറത്താക്കി. കരുവന്നൂർ മോഡൽ ബാങ്ക് ക്രമക്കേടിലാണ് ഖന്ദപദ എംഎൽഎ സൗമ്യ രഞ്ജൻ പട്നായിക്കിനെ പുറത്താക്കിയത്.
കർഷകർക്കുള്ള സർക്കാർ സബ്സിഡി തട്ടിയെടുത്ത രേമുന എംഎൽഎ: സുധാംശു ശേഖർ പരിദയെയും പാർട്ടിയിൽ നിന്നു പുറത്താക്കി. ജനവിരുദ്ധ നടപടികളുടെ പേരിലാണു നടപടിയെന്നു നവീൻ പട്നായിക് അറിയിച്ചു. ബാങ്കിൽനിന്ന് 50 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സൗമ്യ രഞ്ജനെതിരെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് റജിസ്റ്റർ ചെയ്തിരുന്നു. സൗമ്യയുടെ ഉടമസ്ഥതയിലുള്ള സംപാദ് എന്ന പത്രത്തിലെ മുന്നൂറോളം ജീവനക്കാരെ ഭീഷണിപ്പെടുത്തി ബാങ്കിൽനിന്നു വായ്പയ്ക്ക് അപേക്ഷിക്കുകയും അവരുടെ പേരിൽ അനുവദിച്ച പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണു കേസ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വി.കെ.പാണ്ഡ്യൻ അധികാര ദുർവിനിയോഗം നടത്തുന്നതായി ആരോപിച്ച് പത്രത്തിൽ സൗമ്യ രഞ്ജൻ മുഖപ്രസംഗം എഴുതിയിരുന്നു.
English Summary : Karuvannur model: MLA expelled in Odisha