ജനതാദൾ (എസ്) എൻഡിഎയിൽ ചേർന്നു

Mail This Article
ന്യൂഡൽഹി ∙ ജനതാദൾ (എസ്) എൻഡിഎയിൽ ചേർന്നു. പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും നടത്തിയ ചർച്ചകൾക്കു ശേഷം നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിക്ക് ആശ്വാസം പകരുന്നതാണു ജനതാദൾ (എസ്) സഖ്യം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നാണു ജനതാദൾ മത്സരിച്ചതെങ്കിലും സഖ്യം തകർന്നടിഞ്ഞു. കർണാടകയിലെ 25 ലോക്സഭാ സീറ്റുകളിൽ ബിജെപി 23 എണ്ണം നേടിയപ്പോൾ കോൺഗ്രസിനും ദളിനും ഒന്നു വീതമാണു ലഭിച്ചത്.
ദൾ ശക്തികേന്ദ്രമായിരുന്ന പഴയ മൈസൂരു മേഖലയിൽ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കു നേട്ടമുണ്ടാക്കാനായില്ല. 19 സീറ്റിൽ ഒതുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തുമക്കുരു, മണ്ഡ്യ, ചിക്കബെല്ലാപുര, ഹാസൻ, ബെംഗളൂരു റൂറൽ ഉൾപ്പെടെ 5 സീറ്റുകളാണ് ദൾ ആവശ്യപ്പെടുന്നത്. 4 സീറ്റ് നൽകാമെന്നു നേരത്തേ ബിജെപി വ്യക്തമാക്കിയിരുന്നു.
അംഗീകരിക്കില്ല: മാത്യു ടി.തോമസ്
തിരുവനന്തപുരം ∙ ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം അംഗീകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞു. ബിജെപിവിരുദ്ധ, കോൺഗ്രസ് ഇതര കക്ഷികളുമായി ചേർന്നു പ്രവർത്തിക്കാനാണ് പാർട്ടിയുടെ ദേശീയ പ്ലീനവും ദേശീയ നിർവാഹക സമിതിയും തീരുമാനിച്ചത്. അതിനു വിരുദ്ധമായ തീരുമാനം ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ട് പ്ലീനം എടുത്ത നിലപാടിനൊപ്പം നിൽക്കും. തുടർനടപടികൾ ഒക്ടോബർ ഏഴിന് കൊച്ചിയിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
English Summary : Janata Dal (S) joined NDA