ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് (ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്) നടത്തുന്നതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികളോടും കേന്ദ്ര നിയമ കമ്മിഷനോടും അഭിപ്രായം തേടും. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ ആദ്യ യോഗത്തിലാണു തീരുമാനം. ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികൾ, സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടികൾ, പാർലമെന്റിൽ പ്രാതിനിധ്യമുള്ള പാർട്ടികൾ എന്നിവയുടെ അഭിപ്രായമാണു തേടുക. 

ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനു രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കുകയാണു സമിതിയുടെ ലക്ഷ്യമെങ്കിലും അത് എളുപ്പമാവില്ല. കോൺഗ്രസ്, തൃണമൂൽ, സിപിഎം, ഡിഎംകെ എന്നിവയടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഇതിന് എതിരാണ്. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തരുതെന്ന ഉറച്ച നിലപാട് സമിതി മുൻപാകെ പ്രതിപക്ഷം ഒറ്റക്കെട്ടായി സ്വീകരിക്കും. ഇന്ത്യ മുന്നണിയുടെ ഭാഗമല്ലെങ്കിലും തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിനെ പ്രാദേശിക കക്ഷികളായ ബിജെഡി (ഒഡീഷ), വൈഎസ്ആർ കോൺഗ്രസ് (ആന്ധ്ര), ബിആർഎസ് (തെലങ്കാന) എന്നിവയും എതിർക്കുമെന്നു പ്രതിപക്ഷം കണക്കുകൂട്ടുന്നു.

സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ഗൂഢ നീക്കമാണിതെന്നും രാജ്യത്തുടനീളം നടപ്പാക്കുക അപ്രായോഗികമാണെന്നുമാണു കോൺഗ്രസിന്റെ നിലപാട്. 

സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ.സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി. കശ്യപ്, മുൻ മുഖ്യ വിജിലൻസ് കമ്മിഷണർ സഞ്ജയ് കൊഠാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പിൻമാറി. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ സമിതിയിലുൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പിൻമാറ്റം.

English Summary: Ram Nath Kovind Chairs First Meeting Of 'One Nation One Election' Panel decides to invite political parties seeking views

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com