ADVERTISEMENT

ന്യൂഡൽഹി ∙ ബിഎസ്പിയുടെ ലോക്സഭാംഗം ഡാനിഷ് അലിക്കെതിരെ ലോക്‌സഭയിൽ മതവിദ്വേഷ പരാമർശങ്ങൾ നടത്തിയ ബിജെപിയുടെ രമേഷ് ബിദൂഡിക്കെതിരെ അച്ചടക്കലംഘന നോട്ടിസിനപ്പുറം കടുത്ത നടപടിയിലേക്കു ബിജെപി പോകാനിടയില്ല. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയെ കണ്ടു ബിദൂഡി നൽകിയ വിശദീകരണം സംബന്ധിച്ചും പാർട്ടി പ്രതികരിച്ചിട്ടില്ല.

അതിനിടെ, ബിദൂഡി അധിക്ഷേപം നടത്തിയതു ഡാനിഷ് അലി പ്രകോപിപ്പിച്ചതിനാലാണെന്നു വാദിച്ചു ബിജെപിയുടെ നിഷികാന്ത് ദുബെ ഉൾപ്പെടെ ചില എംപിമാർ സ്പീക്കർ ഓം ബിർലയ്ക്കു കത്തെഴുതിയിരുന്നു. സ്പീക്കർ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണു ബിദൂഡി.

ബിദൂഡിയെ സഭയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്നു സ്പീക്കറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ, സ്പീക്കർ ബിദൂഡിയെ താക്കീത് ചെയ്തതെന്നാണു ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചത്. താക്കീതിൽ ഒതുങ്ങേണ്ടതാണോ ബിദൂഡിയുടെ നടപടിയെന്ന ചോദ്യമുണ്ട്.

സഭാമര്യാദകൾ ലംഘിച്ചെന്നപേരിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ആം ആദ്മി പാർട്ടിയുടെ സുശീൽ കുമാർ റിങ്കു തുടങ്ങി പലർക്കുമെതിരെ അടുത്തകാലത്തു ലോക്സഭയിൽ നടപടിയുണ്ടായി. എന്നാൽ, ബിദൂഡിയുടെ കാര്യത്തിൽ അത്തരമൊരു നീക്കവുമില്ല. അവകാശലംഘനത്തിനു പ്രതിപക്ഷം നോട്ടിസ് നൽകിയെങ്കിലും അതിലും നടപടിയുണ്ടായിട്ടില്ല.

സൗത്ത് ഡൽഹി മണ്ഡലത്തിലെ എംപിയാണു ഗുജ്ജർ വിഭാഗക്കാരനായ ബിദൂഡി. കഴിഞ്ഞ തവണ ലോക്സഭയിലെത്തിയത് 3.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഏതാനുംമാസം മുൻപു കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചു വാർ‍ത്തകൾ വന്നപ്പോൾ ബിദൂഡിക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന ചർച്ചയുണ്ടായിരുന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ, നല്ല ജനസ്വാധീനമുള്ള ബിദൂഡിക്കെതിരെ നടപടിക്കു ബിജെപി മുതിരില്ലെന്നാണു പാർട്ടിവൃത്തങ്ങൾ പറയുന്നത്.

പ്രവാചകനിന്ദയുടെ പേരിൽ കഴിഞ്ഞ വർഷം തെലങ്കാനയിലെ എംഎൽഎ ടി.രാജാ സിങ്ങിനെയും ദേശീയ വക്താവ് നുപുർ ശർമ്മയെയും ബിജെപി സസ്പെൻഡ് ചെയ്തു. നാഥുറാം ഗോഡ്സെയെ പ്രഗ്യ സിങ് ഠാക്കൂർ പ്രകീർത്തിച്ച സംഭവത്തിൽ,‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. വനിതാസംവരണ ബിൽ പാസാക്കിയതിന്റെ ശോഭ നഷ്ടപ്പെടാൻ ബിദൂഡി വിവാദം കാരണമായെന്നും പാർട്ടി വൃത്തങ്ങൾ കരുതുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണു ബിദൂഡിയുടെ വിവാദപരാമർശമുണ്ടായത്. തുടർന്നു രാഹുൽ ഗാന്ധിയുൾപ്പെടെ പ്രതിപക്ഷനേതാക്കൾ ഡാനിഷ് അലിയെ സന്ദർശിച്ചു പിന്തുണയറിയിച്ചു.

English Summary : No action against Ramesh Bidhuri in hate speech against Danish Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com