സൈനിക ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച സൈനികന് എയ്ഡ്സ്; 1.5 കോടി നഷ്ടപരിഹാരം

Mail This Article
ന്യൂഡൽഹി ∙ സൈനിക നീക്കത്തിനിടെ ആശുപത്രിയിലാകുകയും ചികിത്സാർഥം രക്തം സ്വീകരിക്കുകയും ചെയ്ത വ്യോമസേനാ ഉദ്യോഗസ്ഥന് എയ്ഡ്സ് പിടിപ്പെട്ടതിന്റെ ഉത്തരവാദിത്തം വ്യോമ– കരസേനകൾക്കെന്നു സുപ്രീം കോടതി വിധിച്ചു. ഹർജിക്കാരനായ സൈനികന് 1.54 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജഡ്ജിമാരായ എസ്.രവീന്ദ്രഭട്ട്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
വ്യോമസേനയ്ക്കും കരസേനയ്ക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. നഷ്ടപരിഹാരം വ്യോമസേന 6 ആഴ്ചയ്ക്കുള്ളിൽ നൽകണം. തുകയുടെ പകുതി കരസേനയിൽ (ആശുപത്രി ഇവരുടേത്) നിന്ന് ഈടാക്കണോയെന്നു വ്യോമസേനയ്ക്കു തീരുമാനിക്കാം. സേനയിൽ നിന്നുള്ള മറ്റ് ആനുകൂല്യങ്ങളും കുടിശികയും 6 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി വ്യക്തമാക്കി.
പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ പടനീക്കമായ ഓപ്പറേഷൻ പരാക്രമിന്റെ ഭാഗമായി അതിർത്തിയിൽ നിയോഗിക്കപ്പെട്ട സൈനികനാണ് ഹർജിക്കാരൻ. ദൗത്യത്തിനിടെ 2002 ജൂലൈയിൽ പരുക്കേറ്റ ഇദ്ദേഹം ജമ്മു കശ്മീരിലെ സൈനികാശുപത്രിയിൽ കിടന്നപ്പോൾ ഒരു യൂണിറ്റ് രക്തം സ്വീകരിച്ചു. പിന്നീടു 2014 ൽ രോഗാവസ്ഥയിലാകുകയും എയ്ഡ്സ് സ്ഥിരീകരിക്കുകയും ചെയ്തതാണു കേസിന്റെ പശ്ചാത്തലം. 2002ലെ ആശുപത്രി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രോഗബാധയ്ക്കു കാരണം രക്തം സ്വീകരിച്ചതാണെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തി.
English Summary: soldier infected with HIV after blood transfusion in the military hospital