ADVERTISEMENT

∙ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ, ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നതിനപ്പുറം കുട്ടനാടിനെ സ്നേഹിച്ച കുട്ടനാട്ടുകാരനായ ശാസ്ത്രകാരൻ എന്ന നിലയിലാണ് ഡോ.എം.എസ്.സ്വാമിനാഥനെ ഈ നാട് ഓർക്കുന്നത്. അതുകൊണ്ടാണല്ലോ, കുട്ടനാട് പാക്കേജിനെ അദ്ദേഹത്തിന്റെ പേരു കൂട്ടിച്ചേർത്ത് ‘സ്വാമിനാഥൻ പാക്കേജ്’ എന്നു കർഷകർ വിളിക്കുന്നത്.

കുട്ടനാട്ടിലെ കൃഷിരീതിയെ ആഗോള പ്രാധാന്യമുള്ള പൈതൃക കാർഷിക സമ്പ്രദായമായി ഐക്യരാഷ്‌ട്ര സംഘടനയുടെ ഭക്ഷ്യ - കാർഷിക സംഘടന (എഫ്‌എഒ) പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ഈ പദവിക്ക് കുട്ടനാടിനെ തിരഞ്ഞെടുത്തത്. ഇതിനെക്കുറിച്ചുള്ള  ലേഖനത്തിൽ യന്ത്രസഹായമില്ലാതെ കായൽപ്പരപ്പുകളെ കൃഷിയിടങ്ങളാക്കി മാറ്റിയ കുട്ടനാടൻ സാങ്കേതിക വിദ്യയെക്കുറിച്ചും കുട്ടനാടിന്റെ ജൈവവൈവിധ്യത്തെപ്പറ്റിയും അഭിമാനത്തോടെ അദ്ദേഹം കുറിച്ചു. കുട്ടനാടിന്റെ ജൈവവൈവിധ്യത്തെയും കാലാവസ്ഥ മാറ്റങ്ങളെയും കുറിച്ച് പഠിക്കാൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ രാജ്യാന്തര കായൽനില ഗവേഷണ കേന്ദ്രം അനുവദിച്ചത്. 

സ്വാമിനാഥന്റെ ഓരോ പദപ്രയോഗവും ദീർഘദൃഷ്ടിയോടെയുള്ള പുത്തൻ ആശയത്തിന്റെ തുടക്കമായിരുന്നു. ‘ഹരിത വിപ്ലവ’ത്തിലെ വിത്തുകളും വളപ്രയോഗവും പരിസ്ഥിതിക്കു ദോഷകരമാകുമെന്നു കണ്ടപ്പോൾ മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള ‘നിത്യഹരിത വിപ്ലവ’ത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. 2012 ൽ തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറിൽ ‘കാലാവസ്ഥാ അഭയാർഥികൾ’ എന്നൊരു പ്രയോഗം അദ്ദേഹം നടത്തി. കാലാവസ്ഥാ വ്യതിയാനം വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ചായിരുന്നു ആ മുന്നറിയിപ്പ്. ആ പ്രയോഗത്തിന്റെ അർഥം നമുക്കു മനസ്സിലായത് 2018 ലെ പ്രളയകാലത്താണ്. 

‘വിശപ്പിലാത്ത ഇന്ത്യ’ എന്ന ആശയം മുന്നോട്ടുവച്ച അദ്ദേഹം പിന്നീട് ‘വിശപ്പുരഹിത ലോകം’ എന്ന സങ്കൽപത്തിനായി പ്രവർത്തിച്ചു.  

രാജ്യത്തു കർഷക ആത്മഹത്യകൾ പെരുകിയ സമയത്തു പ്രശ്നസങ്കീർണമായ കാർഷിക മേഖലകൾക്കായി കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ അതിൽ കുട്ടനാട് ആദ്യം ഉൾപ്പെട്ടിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രസർക്കാർ കുട്ടനാടിന്റെ പ്രശ്നങ്ങൾ പഠിക്കാൻ ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തിൽ സമിതിയെ നിശ്ചയിക്കുന്നത്. ആ സമിതിയിൽ ഞാനും അംഗമായിരുന്നു. 

കുട്ടനാട്ടിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ടുമാണ് അദ്ദേഹം റിപ്പോർട്ട് തയാറാക്കിയത്. കുട്ടനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള 1840 കോടിയുടെ സമഗ്ര പദ്ധതിയാണ് ഒരു വർഷം കൊണ്ട് അദ്ദേഹം സമർപ്പിച്ചത്. എങ്ങനെ പദ്ധതി നടപ്പാക്കണമെന്ന കൃത്യമായ രൂപരേഖ ഉൾപ്പെടെ സമർപ്പിച്ചെങ്കിലും നടത്തിപ്പിൽ വീഴ്ചകളുണ്ടായി. അത് അദ്ദേഹത്തെ എക്കാലത്തും പ്രയാസപ്പെടുത്തിയിരുന്നു

വെല്ലുവിളികൾ അവസരങ്ങളാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ആ കാഴ്ചപ്പാടിന്റെ തിളക്കം കാണാം. 

സ്വാമിനാഥൻ കൃഷിയെ ജനകീയമാക്കി

ഹരിതവിപ്ലവം എന്ന പദം കേൾക്കുമ്പോൾത്തന്നെ അതിന്റെ മുഖ്യശിൽപി എം.എസ്.സ്വാമിനാഥനാണ് ഓർമയിലെത്തുന്നത്. കാർഷികരംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ആഗ്രഹിച്ച് മൗലിക കൃഷിശാസ്ത്ര സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുകയും അതു നടപ്പാക്കാൻ ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്ത കാർഷിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. വലിയതോതിൽ വിളവുണ്ടാകാൻ തക്കവിധത്തിൽ വിത്തിനങ്ങളുടെ ക്ഷമത വർധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ കാർഷികരംഗത്തെ ജനകീയമാക്കുന്നതിന് സഹായകമായി. ഭക്ഷ്യക്ഷാമം അടക്കം ഒഴിവാക്കുന്നതിനു വേണ്ട കർമോന്മുഖ ഇടപെടലുകൾ നടത്തിയ സ്വാമിനാഥൻ അദ്ദേഹത്തിന്റെ സാമൂഹികപ്രതിബദ്ധതകൊണ്ടു കൂടിയാണ് ശ്രദ്ധേയനായത്. - മുഖ്യമന്ത്രി പിണറായി വിജയൻ 

English Summary: Dr K.G. Padmakumar Remembering Dr.M.S.Swaminathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com