ADVERTISEMENT

ചെന്നൈ ∙ മണ്ണിന്റെ മക്കളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ഹരിത വിപ്ലവ നായകൻ ഡോ.എം.എസ്.സ്വാമിനാഥന് ഇന്ന് യാത്രാമൊഴി. വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള വീട്ടമ്മമാരും കർഷകരും ഉൾപ്പെടെ ഒട്ടേറെപ്പേർ  ചെന്നൈ തരമണി എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. 

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം, കേരളത്തിൽ നിന്നു  മന്ത്രിമാരായ പി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി എന്നിവരും എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 ന് ബസന്റ് നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. രാജ്യത്തിന്റെ വിശപ്പു മാറ്റി, കർഷകർക്കു പുതുജീവിതം പ്രദാനം ചെയ്ത കർഷക നാഥനെ അവസാനമായി കണ്ടപ്പോൾ പലർക്കും കണ്ണീരടക്കാനായില്ല. 

ദുരിതങ്ങളിൽ ആശ്വസിപ്പിച്ചും കഷ്ടപ്പാടുകളിൽ പിന്തുണച്ചും കൂടെ നിന്ന ‘അയ്യാ’ ആയിരുന്നു ഗ്രാമീണർക്ക് സ്വാമിനാഥൻ. കൃഷിക്കളത്തിലെ ഓരോരുത്തരെയും പേരു വിളിച്ച്, കുടുംബവിശേഷങ്ങൾ അന്വേഷിക്കുന്ന സ്നേഹസാന്നിധ്യം കൂടിയാണ് ഗ്രാമീണർക്ക് നഷ്ടപ്പെട്ടത്. നാമക്കൽ, സേലം, വിഴുപ്പുറം മേഖലകളിലെ ഗ്രാമങ്ങളിൽ നിന്ന് ഒട്ടേറെപ്പേരാണ് എത്തിയത്. അയ്യാ പഠിപ്പിച്ചതും പകർന്നതുമായ പാഠങ്ങൾ അവർ ഓർത്തു പറഞ്ഞുകൊണ്ടിരുന്നു. (ഡോ. എം.എസ്.സ്വാമിനാഥന്റെ മരുമകൻ ഡോ. വി.കെ.രാമചന്ദ്രൻ കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനാണ്. മുൻ ഉപാധ്യക്ഷൻ എന്നു തെറ്റായാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്).

English Summary : MS Swaminathan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com