ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ കുടുംബ വീട് ആക്രമിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ വലിയ സംഘർഷത്തിനൊടുവിലാണ് പൊലീസിന് പിരിച്ചുവിടാൻ കഴിഞ്ഞത്. 2 ദിവസം മുൻപ് തൗബാലിൽ ബിജെപി ഓഫിസിന് ജനക്കൂട്ടം തീയിട്ടിരുന്നു.

മെയ്തെയ് അനുകൂല നിലപാട് എടുക്കുന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇംഫാൽ താഴ്‌വരയിലെ ഒരു വിഭാഗം. കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. കേസ് സിബിഐക്ക് സംസ്ഥാന സർക്കാർ നേരത്തേ കൈമാറിയിരുന്നു. വിദ്യാർഥി പ്രക്ഷോഭം തടയുന്നതിനായി വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. 5 മാസത്തിനു ശേഷം പുനഃസ്ഥാപിച്ച ഇന്റർനെറ്റ് വീണ്ടും നിരോധിച്ചു.

കേന്ദ്ര സേന നിഷ്ഠുരമായാണ് പെരുമാറുന്നതെന്ന് മെയ്തെയ് സംഘടനകൾ ആരോപിച്ചു. റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് യഥാർഥ വെടിയുണ്ടകൾ വിദ്യാർഥികൾക്കു നേരെ ഉപയോഗിച്ചതായി കോ ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) ആരോപിച്ചു.

മണിപ്പുരിലെ കലാപം ആസൂത്രിതമായ വംശഹത്യയാണെന്നും സംസ്ഥാനത്തെ സോ വിഭാഗക്കാർക്കായി കേന്ദ്ര ഭരണപ്രദേശം സ്ഥാപിക്കണമെന്നും സോമി കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനിടെ കലാപം അവസാനിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രശസ്ത മണിപ്പുരി നടൻ കൈക്കു രാജ്കുമാർ ബിജെപിയിൽ നിന്ന് രാജിവച്ചു. 2 കുക്കി സിനിമകൾ ഉൾപ്പെടെ 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മണിപ്പുരിലെ ജനപ്രിയ നടനായ കൈക്കു.

English Summary: Protest in Manipur intensifying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com