ജനഹിതത്തിനു മുൻപ് പദ്ധതിപ്പെരുമഴ; തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ വമ്പൻ പദ്ധതികൾ
Mail This Article
ഹൈദരാബാദ് / ന്യൂഡൽഹി ∙ ഈ വർഷം ഒടുവിൽ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്കു വമ്പൻ പദ്ധതികളുടെ പെരുമഴ. ഇതിൽ പൂർത്തിയായ പദ്ധതികളും പുതിയ പദ്ധതികളും ഉൾപ്പെടും. തെലങ്കാനയിൽ 13,500 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്നലെ നിർവഹിച്ചു. രാജസ്ഥാനിൽ 7000 കോടി രൂപയുടെയും മധ്യപ്രദേശിൽ 19,260 കോടി രൂപയുടെയും പദ്ധതികൾക്ക് ഇന്നു തുടക്കം കുറിക്കും. നവംബർ– ഡിസംബർ മാസങ്ങളിൽ ഈ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കും.
തെലങ്കാന മെഹബൂബ് നഗറിൽ നടപ്പാക്കുന്ന പദ്ധതികൾ വിഡിയോ കോൺഫറൻസ് വഴിയാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിനു പുറമേ മുലുഗു ജില്ലയിൽ 900 കോടി രൂപ ചെലവിൽ കേന്ദ്ര ഗോത്ര സർവകലാശാലയുടെ നിർമാണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നാഗ്പുർ– വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ വാറങ്കൽ– ഖമ്മം, ഖമ്മം– വിജയവാഡ റോഡുകളുടെ നിർമാണത്തിനു തറക്കല്ലിട്ടു. ഈ രണ്ടു റോഡുകളുടെ നിർമാണത്തിന് 6400 കോടി രൂപ ചെലവഴിക്കും.
ഹൈദരാബാദ്– വിശാഖപട്ടണം ഇടനാഴിയുടെ ഭാഗമായ സൂര്യപെട്ട്– ഖമ്മം റോഡ് (2460 കോടി), പിന്നാക്ക ജില്ലയായ നാരായണപെട്ടിലേക്കുള്ള പുതിയ റെയിൽപാത (500 കോടി), ഹാസൻ– ചേർലാപ്പള്ളി എൽപിജി പൈപ്പ് ലൈൻ (2170 കോടി) എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ പുതിയ 5 കെട്ടിടങ്ങളും ഹൈദരാബാദിൽനിന്ന് കർണാടകയിലെ റെയ്ചൂരിലേക്കുള്ള ട്രെയിൻ സർവീസും മോദി ഉദ്ഘാടനം ചെയ്തു. ഇതിനു പുറമേ ഒട്ടേറെ പുതിയ നിർമാണ പദ്ധതികൾക്കും തുടക്കം കുറിച്ചു. ബിപിസിഎൽ നിർമിക്കുന്ന കൃഷ്ണപട്ടണം– ഹൈദരാബാദ് പൈപ്പ് ലൈൻ (1940 കോടി) ഇതിൽ ഉൾപ്പെടുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ ഇന്നു സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാജസ്ഥാനിലെ ചിറ്റോർഗഡിൽ 4500 കോടി രൂപ ചെലവിൽ നിർമിച്ച മെഹ്സാന– ഗുർദാസ്പുർ ഗ്യാസ് പൈപ്പ് ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ദേശീയപാതയിലെ ദാര– ടീൻധർ റോഡ് (1480 കോടി) തുറന്നുകൊടുക്കും. ഇതിനു പുറമേ റെയിൽവേ, ടൂറിസം പദ്ധതികളും കോട്ട ഐഐടിയുടെ പുതിയ ക്യാംപസും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
മധ്യപ്രദേശിലെ ഗ്വാളിയറിൽ 11,895 കോടി രൂപ ചെലവിൽ നിർമിച്ച ഡൽഹി– വഡോദര എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. 5 പുതിയ റോഡുകൾ നിർമിക്കാനുള്ള 1880 കോടി രൂപയുടെ പദ്ധതിക്കും തുടക്കം കുറിക്കും. പ്രധാൻ മന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിർമിച്ച വീടുകളുടെ ഉദ്ഘാടനവും ഗ്വാളിയർ, ഷിയോപുർ ജില്ലകളിൽ നടപ്പാക്കുന്ന 1530 കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും.
English Summary: Big projects by government of India in Telangana, Rajasthan and Madhya Pradesh