മണിപ്പുർ: കൗമാരക്കാരെ വധിച്ച കേസിൽ 6 പേർ അറസ്റ്റിൽ
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ 2 കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 6 പേരെ സിബിഐ അറസ്റ്റ് ചെയ്തു. മെയ്തെയ് വിഭാഗക്കാരായ കമിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇംഫാൽ താഴ്‌വരയിൽ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
ഫിജാം ഹേംജിത്, ഹിജാം ലിങ്തോയിംഗാബി എന്നിവരെ ജൂലൈ 6ന് കാണാതായത്. ഒരാഴ്ച മുൻപാണ് ഇരുവരുടെയും കൊലയ്ക്കു മുൻപും പിൻപുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
തൊട്ടുപിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വൻ പ്രക്ഷോഭം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബ വീട് ആക്രമിക്കാൻ ശ്രമിച്ച ജനക്കൂട്ടം തൗബാലിൽ ബിജെപി ഓഫിസിന് തീയിട്ടു. ഇന്നലെ മുഖ്യമന്ത്രി തന്നെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്.
അറസ്റ്റിലായ 2 പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് റിപ്പോർട്ടുകൾ. പ്രതികളെ ചോദ്യംചെയ്യുകയാണെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ സ്പെഷൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
English Summary: Manipur: 6 people arrested in teenagers murder case