ലോക്സഭ ലക്ഷ്യമിട്ട് എഎപി മത്സരത്തിന്
Mail This Article
ന്യൂഡൽഹി ∙ ദേശീയ പാർട്ടിയെന്ന സ്ഥാനം ഉറപ്പിക്കാനും വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി (എഎപി). 5 സംസ്ഥാനങ്ങളിലും ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചു.
പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യമില്ലെന്നാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ പ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റിലും മത്സരിക്കും. തെലങ്കാന, മിസോറം എന്നിവിടങ്ങളിൽ സ്വാധീനമുള്ള മണ്ഡലങ്ങളിൽ രംഗത്തിറങ്ങും.
വോട്ട് ശതമാനം കൂടിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾക്കുള്ള വിലപേശൽ ശക്തി വർധിക്കുമെന്നു പാർട്ടി കണക്കുകൂട്ടുന്നു. 2022 ൽ പഞ്ചാബിൽ എഎപി അധികാരത്തിലെത്തുകയും ഗോവയിൽ 2 സീറ്റിൽ വിജയിക്കുകയും ചെയ്തു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 12.92% വോട്ടുനേടിയ പാർട്ടി 5 മണ്ഡലങ്ങളിൽ വിജയിച്ചു.