ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 9 വർഷത്തെ നേട്ടങ്ങൾ രാജ്യത്തുടനീളം വിളംബരം ചെയ്യാനുള്ള പ്രചാരകരായി കേന്ദ്ര ജീവനക്കാരെ നിയോഗിക്കാനുള്ള പഴ്സനേൽ മന്ത്രാലയത്തിന്റെ ഉത്തരവിനെച്ചൊല്ലി വിവാദം. നവംബർ 20 മുതൽ ജനുവരി 25 വരെ സംഘടിപ്പിക്കുന്ന ‘വികസിത് ഭാരത് സങ്കൽപ് യാത്ര’യുടെ ഭാഗമായി ‘ജില്ലാ രഥ പ്രഭാരി’കൾ എന്ന പേരിൽ കേന്ദ്ര സർക്കാരിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി തസ്തിയിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാനാണു നീക്കം. പ്രതിരോധ സേനാംഗങ്ങൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരും ഇതിൽപെടും. രാജ്യത്തെ 765 ജില്ലകളിലും പ്രചാരകരായി ഉദ്യോഗസ്ഥരെ ആവശ്യമാണെന്നും അതിനുള്ളവരെ വിട്ടുനൽകണമെന്നും നിർദേശിച്ച് വിവിധ മന്ത്രാലയങ്ങൾക്കു കേന്ദ്ര പഴ്സനേൽ മന്ത്രാലയം കഴിഞ്ഞ ദിവസം കത്തയച്ചു. 

രാജ്യത്തെ 9 നഗരങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ച് 822 സെൽഫി പോയിന്റുകൾ സജ്ജമാക്കാൻ കര,നാവിക,വ്യോമ സേനകൾ, ഡിആർഡിഒ എന്നിവയ്ക്കു കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദേശം നൽകി. അവധിക്കു നാട്ടിൽ പോകുന്ന സേനാംഗങ്ങൾ അവിടെ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന ‘സോൾജ്യർ അംബാസഡർമാരായി’ പ്രവർത്തിക്കാൻ സമയം കണ്ടെത്തണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 

സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും പ്രതിരോധ സേനാംഗങ്ങളെയുമടക്കം സർക്കാരിന്റെ പ്രചാരകരായി നിയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി രംഗത്തുവന്നു. കേന്ദ്ര ജീവനക്കാരെ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് സർവീസ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും സേനാംഗങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രസി‍ഡന്റ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കു കത്തയച്ചു. 

English Summary:

Controversy over officers and soldiers for the campaign of the central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com