അഗ്നിപഥ്: നയംമാറ്റം വേണ്ടെന്ന് പ്രതിരോധ മന്ത്രാലയം

Mail This Article
ന്യൂഡൽഹി ∙ അഗ്നിവീറുകളുടെ മരണത്തിനു പിന്നാലെ ഉയർന്ന വിവാദത്തിനിടയിലും ‘അഗ്നിപഥ്’ നയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിൽ പ്രതിരോധ മന്ത്രാലയം. സേനയിൽ യുവത്വം കൊണ്ടുവരാനാണു പദ്ധതിയെന്നു സർക്കാർ വാദിക്കുമ്പോഴും പെൻഷൻ ബാധ്യത കുറയ്ക്കാമെന്ന നേട്ടം സർക്കാർ കണക്കുകൂട്ടി. ഇതിനായി സേനയിൽ ചേരാനെത്തുന്ന യുവാക്കളെ വിവേചനത്തോടെ കാണുന്നുവെന്ന വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്.
മഹാരാഷ്ട്ര സ്വദേശി അക്ഷയ് ലക്ഷ്മൺ എന്ന അഗ്നിവീറിന്റെ വിയോഗം ഈ മാസം 22ന് സിയാച്ചിനിലായിരുന്നു. പിന്നാലെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്തു. ലക്ഷ്മണിന്റെ കുടുംബത്തിനു പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉണ്ടാകില്ലെന്നും ഇതു സൈനികരോടുള്ള അവഹേളനമാണെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ വർഷത്തെ സർക്കാർ വിജ്ഞാപനപ്രകാരമുള്ള ആനുകൂല്യം അക്ഷയുടെ കുടുംബത്തിനു ലഭിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ, സ്ഥിരനിയമനം ലഭിച്ചയാളാണ് ഈ സാഹചര്യത്തിലെങ്കിൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്, അവസാന ശമ്പളത്തിനു തുല്യമായ കുടുംബ പെൻഷൻ(നികുതിയില്ലാതെ), മക്കളുടെ ബിരുദപഠനം വരെ അലവൻസ് തുടങ്ങിയവ ലഭിക്കും. ഈ വിവേചനം ഒഴിവാക്കാൻ സർക്കാർ നയം മാറ്റത്തിനു തയാറാകണമെന്ന ആവശ്യം യുവജന സംഘടനകളും നേരത്തേ മുതൽ ഉന്നയിക്കുന്നുണ്ട്.
അഗ്നിവീർ: എന്തുണ്ട്, എന്തില്ല?
പ്രതിമാസം ശമ്പളം 30,000–40,000 രൂപ. മറ്റു സൈനികരുടേതിനു സമാനമായ റിസ്ക് അലവൻസ്, യൂണിഫോം, യാത്രാ അലവൻസുകൾ എന്നിവയുമുണ്ട്. മാസ ശമ്പളത്തിന്റെ 30% സേവാനിധി ഫണ്ടിലേക്ക് അടയ്ക്കണം. സേവന കാലാവധി പൂർത്തിയാകുമ്പോൾ പലിശ കൂടി ചേർത്ത് 11.71 ലക്ഷം രൂപ ലഭിക്കും(ആദായ നികുതിയില്ലാതെ). സേവനത്തിനിടെ മരിച്ചാൽ മൊത്തം 1 കോടിയോളം രൂപയുടെ ആനുകൂല്യമുണ്ടാകും. 48 കോടി രൂപയുടെ ഇൻഷുറൻസ് (അംഗഭംഗം വന്നാൽ 44 ലക്ഷം). ശേഷിക്കുന്ന സേവന കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും കുടുംബത്തിനു ലഭിക്കും. (അംഗഭംഗം സംഭവിക്കുന്നവർക്കും ഈ 2 ആനുകൂല്യവും ലഭിക്കും). പെൻഷൻ, ഗ്രാറ്റുവിറ്റി, എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), കന്റീൻ സൗകര്യം എന്നിവയില്ല. വിമുക്തഭട പദവിയുമില്ല. തുടർ നിയമനം 25% പേർക്കു മാത്രം.