ക്രെഡിറ്റ് സ്കോർ: പരാതി തീർക്കാൻ വൈകിയാൽ നഷ്ടപരിഹാരം
Mail This Article
ന്യൂഡൽഹി∙ സിബിൽ അടക്കമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് സ്കോറും റിപ്പോർട്ടും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടായാൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരമായി നൽകണമെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്. 2024 ഏപ്രിൽ 24 മുതൽ നഷ്ടപരിഹാര സംവിധാനം നിലവിൽ വരും.
ക്രെഡിറ്റ് സ്കോർ/റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകി 30 ദിവസത്തിനുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. 21 ദിവസത്തിനകം ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങൾക്കു വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളാണു നഷ്ടപരിഹാരം നൽകേണ്ടത്.
21 ദിവസത്തിനകം വിവരം ലഭിച്ചിട്ടും അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനം തുക നൽകണം. പരാതി പരിഹരിച്ച് 5 ദിവസത്തിനകം ഉപയോക്താവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം.
എന്തുകൊണ്ട്?
വായ്‌പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. മുൻകാല തിരിച്ചടവിലെ കൃത്യതയുമായി ബന്ധപ്പെട്ട സ്കോറാണിത്. ഭേദപ്പെട്ട ക്രെഡിറ്റ് സ്കോറുള്ളവർക്കാണു വായ്പ നൽകുന്നത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വായ്പാസംബന്ധമായ വിവരം സൂക്ഷിക്കുന്നതു സിബിൽ, ഇക്വിഫാക്സ്, എക്സ്പീരിയൻ, സിആർഐഎഫ് എന്നീ കമ്പനികളാണ്.
വായ്പ പൂർണമായും അടച്ചുകഴിഞ്ഞിട്ടും ഇക്കാര്യം ബാങ്കുകൾ സിബിൽ പോലെയുള്ള ഏജൻസികളെ അറിയിക്കാത്തതിനെതിരെ കോടതികൾ ഒട്ടേറെ കേസുകളുണ്ട്. വായ്പ തിരിച്ചടവു കൃത്യമായിട്ടും ക്രെഡിറ്റ് സ്കോർ കുറഞ്ഞ നിലയിൽ തുടരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
മറ്റ് നിർദേശങ്ങൾ
∙ മൊബൈൽ നമ്പർ/ഇമെയിൽ നൽകി റജിസ്റ്റർ ചെയ്തവരുടെ ക്രെഡിറ്റ് റിപ്പോർട്ട് ബാങ്കുകൾ പോലെയുള്ള സ്ഥാപനങ്ങൾ പരിശോധിച്ചെങ്കിൽ അക്കാര്യം ഉപയോക്താവിനെ എസ്എംഎസ്, മെയിൽ വഴി അറിയിക്കണം.
∙ വായ്പ സംബന്ധിച്ച വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് കൈമാറുമ്പോൾ ഉപയോക്താവിന് അറിയിപ്പ് നൽകണം.
∙ സിബിൽ അടക്കം വർഷത്തിലൊരിക്കൽ നൽകുന്ന ഫ്രീ ഫുൾ ക്രെഡിറ്റ് റിപ്പോർട്ട് (എഫ്എഫ്സിആർ) കൂടുതൽ എളുപ്പത്തിൽ ഉപയോക്താവിനു ലഭ്യമാക്കണം.
∙ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്കെതിരെയുള്ള പരാതികളുടെ വിവരങ്ങൾ അവയുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം.