ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം: ‘കഴിയുന്നത്ര വേഗ’മെന്ന് ഭരണഘടന; എത്ര വേഗം എന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ നിയമസഭ പാസാക്കിയ ബിൽ ഒപ്പിടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാതെ എത്രനാൾ വച്ചുതാമസിപ്പിക്കാം? ഗവർണറുടെ അനുമതിയോടെ മാത്രം സഭയിൽ അവതരിപ്പിക്കാവുന്ന ധനബില്ലുകൾക്ക് അനുമതി നൽകാതെ എത്രനാൾ പിടിച്ചുവയ്ക്കാൻ കഴിയും? ഭരണഘടന നിശ്ശബ്ദത പാലിക്കുന്ന 2 ചോദ്യങ്ങളിലേക്കാണ് ഇന്നലെ സുപ്രീം കോടതി വിരൽ ചൂണ്ടിയത്.
തന്റെ മുന്നിലെത്തിയ ബില്ലിന് ‘കഴിയുന്നത്ര വേഗം’ ഗവർണർ അനുമതി നൽകുകയോ, തൃപ്തികരമല്ലെങ്കിൽ പുനഃപരിശോധിക്കാനായി തിരിച്ചയയ്ക്കുകയോ ചെയ്യണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഭേദഗതികളോടുകൂടിയോ അല്ലാതെയോ അതേ ബിൽ സഭ വീണ്ടും പാസാക്കി അയച്ചുകൊടുത്താൽ ഗവർണർ അനുമതി നൽകിയേ മതിയാവൂ. എന്നാൽ ഇതെല്ലാം ഗവർണർ എത്ര നാളുകൾക്കുള്ളിൽ ചെയ്യണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല. അതായത് ചോദ്യം ഇതാണ് – ‘കഴിയുന്നത്ര വേഗം’ എന്നാൽ എത്ര കാലം?
ഭരണഘടനയുടെ ഈ നിശ്ശബ്ദത അതിവിദഗ്ധമായി മുതലെടുത്തയാളാണ് രാഷ്ട്രപതിയായിരുന്ന സെയിൽ സിങ്. എൺപതുകളുടെ അവസാനത്തിൽ രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ പോസ്റ്റൽ ബിൽ അദ്ദേഹം ഒപ്പിടാതെ പിടിച്ചുവച്ചു. തിരിച്ചയച്ചിരുന്നെങ്കിൽ സഭ വീണ്ടും പാസാക്കി വീണ്ടും അയയ്ക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. അതിനാൽ ബിൽ വച്ചുതാമസിപ്പിച്ചു. ഈ രീതിക്ക് പോക്കറ്റ് വീറ്റോ എന്ന പ്രയോഗമാണ് ഭരണഘടനാ വിദഗ്ധർ അന്നു കണ്ടെത്തിയത്.
അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ഭരണഘടനയുടെ പ്രവർത്തനം പരിശോധിച്ച ജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ കമ്മിഷൻ ഈ പ്രശ്നം പരിശോധിച്ചതാണ്. 6 മാസത്തിനുള്ളിലെങ്കിലും ഗവർണർ തീരുമാനമെടുക്കണമെന്നായിരുന്നു കമ്മിഷന്റെ നിർദേശം. 2007 ൽ കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ പരിശോധിച്ച ജസ്റ്റിസ് പൂഞ്ചി കമ്മിഷന്റെ നിർദേശവും സമാനമായിരുന്നു. ബിൽ പുനഃപരിശോധിക്കാൻ സഭയോട് നിർദേശിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും വീണ്ടും പാസാക്കി വന്നാൽ 6 മാസത്തിലധികം വച്ചുതാമസിപ്പിക്കരുതെന്നായിരുന്നു നിർദേശം. ഭരണഘടനയുടെ 200–ാം ഖണ്ഡികയിൽ അതിനുതകുന്ന മാറ്റം വരുത്താനും കമ്മിഷൻ നിർദേശിച്ചു. പക്ഷേ, ഇവയെല്ലാം നിർദേശങ്ങളായി മാത്രം നിലനിൽക്കുകയാണ്.