ADVERTISEMENT

ന്യൂഡൽഹി ∙ പരസ്യ എസ്എംഎസ് അയയ്ക്കാനും കോൾ ചെയ്യാനും ഡിസംബർ മുതൽ വ്യക്തികളിൽനിന്ന് ബ്രാൻഡുകളും സ്ഥാപനങ്ങളും ഓൺലൈനായി അനുമതി തേടണം. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വ്യാപാരസ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് ഇതു ബാധകമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടം അടിയന്തരമായി നടപ്പാക്കാൻ കമ്പനികൾക്കു നിർദേശം നൽകി. ഇതിനായി ടെലികോം കമ്പനികൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം (ഡിജിറ്റൽ കൺസന്റ് അക്വിസിഷൻ–ഡിസിഎ) സജ്ജമാക്കിക്കഴിഞ്ഞു. 

ഏതൊക്കെ ബ്രാൻഡുകളുടെ പരസ്യ കോളും എസ്എംഎസും സ്വീകരിക്കണമെന്ന് ഉപയോക്താവിനു തീരുമാനിക്കാം. ബ്രാൻഡുകൾക്കു നൽകിയ അനുമതി പിന്നീട് പിൻവലിക്കാം. ഡിസിഎ പൂർണതോതിൽ നടപ്പായാൽ മറ്റൊരു മാർഗത്തിലൂടെയും കമ്പനികൾ ഉപയോക്താവിൽനിന്നു തേടിയ അനുമതിക്കു സാധുതയുണ്ടാകില്ല.

ഉദാഹരണത്തിന് ഒരു ഹോട്ടൽ ഗ്രൂപ്പ് ബുക്കിങ് സമയത്ത് എസ്എംഎസ് അയയ്ക്കാൻ ഉപയോക്താവിൽനിന്ന് പേപ്പറിൽ അനുമതി തേടിയാലും കാര്യമുണ്ടാകില്ല. അതുപോലെ മുൻപു നൽകിയ അനുമതികളും അസാധുവാകും. പ്ലാറ്റ്ഫോം വഴി അനുമതി തേടണം. ഇതുവരെ പരസ്യ എസ്എംഎസും കോളും ഒഴിവാക്കാൻ ഉപയോക്താവ് ഡു നോട്ട് ഡിസ്റ്റർബ് (ഡിഎൻഡി) ഓപ്ഷൻ ഉപയോഗിക്കണമായിരുന്നു. എന്നാൽ, ഭാവിയിൽ ഉപയോക്താവ് അനുമതി നൽകുന്ന ബ്രാൻഡുകൾക്കു മാത്രമേ എസ്എംഎസ് അയയ്ക്കാനോ വിളിക്കാനോ കഴിയൂ. 

അനുമതി തേടൽ ഇങ്ങനെ 

സംവിധാനം നടപ്പാകുന്നതോടെ 127xxx എന്ന ഫോർമാറ്റിലുള്ള ഫോൺ നമ്പറിൽനിന്ന് അനുമതി തേടി ഉപയോക്താവിനു മെസേജ് അയയ്ക്കണം. ഇതിന് 'Yes' എന്നു മറുപടി ലഭിച്ചാൽ തുടർന്ന് 12 മാസം പരസ്യ എസ്എംഎസുകൾ അയയ്ക്കാം. നിരാകരിച്ചാൽ അടുത്ത 3 മാസം മെസേജ് അയയ്ക്കാൻ പാടില്ല. അനുമതി തേടിയുള്ള സന്ദേശത്തോടു പ്രതികരിച്ചില്ലെങ്കിൽ ഒരു മാസത്തേക്ക് അയയ്ക്കാൻ പാടില്ല. അനുമതി തേടിയുള്ള എസ്എംഎസുകൾ സ്വീകരിക്കാൻ താൽപര്യമില്ലെങ്കിൽ അതു നിർത്താനും സംവിധാനമുണ്ടാകും. 

English Summary:

Advertisement Call and SMS requires permission of individuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com